പത്താം ക്ലാസ് കടമ്പ കടന്നു, ഇനി പ്ലസ് ടുവിലേക്ക്; സനീറിനും മുര്‍ഷിദയ്ക്കും സ്വപ്‌നസാഫല്യം

ഫറോക്ക്: സാക്ഷരതാമിഷന്‍റെ പത്താംതരം പരീക്ഷയുടെ ഫലം വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ചപ്പോൾ ചെറുവണ്ണൂർ മധുര ബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിനും ഭാര്യ മുർഷിദയ്ക്കും നെഞ്ചിടിപ്പായിരുന്നു. കാത്തിരിപ്പിനൊടുവിൽ ഫോണിന്റെ സ്‌ക്രീനിൽ തങ്ങളുടെ വിജയഫലം തെളിഞ്ഞപ്പോൾ ആകാംക്ഷ സന്തോഷത്തിനു വഴിമാറി. പിന്നിട് ഇരുവരും മധുരംപങ്കിട്ടു.പതിമ്മൂന്നുവർഷം മുൻപാണ് തമിഴ്നാട്ടിലെ നീലഗിരിയിലെ ബിതൃക്കാട്ടുനിന്ന് മുർഷിദ ചെറുവണ്ണൂർ മധുരബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിന്റെ സഖിയായത്. എട്ടാംക്ലാസിൽ പഠനം നിർത്തിയിരുന്ന മുർഷിദയ്ക്ക് തമിഴ് മാത്രമാണ് എഴുതാനറിയുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹം ഭർത്താവിനോട് പറഞ്ഞപ്പോൾ മലയാള അക്ഷരമാല പുസ്തകങ്ങൾ വാങ്ങിച്ചുനൽകി. ചിത്രങ്ങൾനോക്കി മലയാളം വശമാക്കി. മൂത്തമകൾ ഇസ ഫാത്തിമയെ സ്കൂളിൽ ചേർത്തശേഷം മകളെ പഠിപ്പിക്കുന്നതിനായി തനിക്ക് പഠിക്കണമെന്ന് മുർഷിദ ഭർത്താവിനോട് ആവശ്യപ്പെട്ടു.
എന്നാൽ, പഠനമോഹം നീണ്ടുനീണ്ടു പോയി. ഒടുവിൽ കഴിഞ്ഞവർഷം ഫറോക്കിൽ സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനു ചേരുകയായിരുന്നു.ഭാര്യ ക്ലാസിന് പോകാൻ തുടങ്ങിയതോടെ മുഹമ്മദ് സനീറും തനിക്ക് പൂർത്തിയാക്കാനാവാതിരുന്ന പത്താംക്ലാസ് പഠനം വീണ്ടും ആരംഭിച്ചു. ഭാര്യക്ക് കൂട്ടായി മുഹമ്മദ് സനീറും ഫറോക്കിൽത്തന്നെ തുല്യതാപഠനത്തിന് ചേരുകയായിരുന്നു. അടിയുറച്ച പഠനമോഹമാണ് ഇരുവരുടെയും വിജയരഹസ്യം.പത്താംക്ലാസ് വിജയിച്ച ദമ്പതിമാർക്ക് ഇനിയും തുടർന്ന് പഠിക്കണമെന്നാണ് മോഹം. സാക്ഷരതാമിഷന്റെ പ്ലസ്ടുവിന് ചേരാനാണ് ഇപ്പോഴത്തെ തീരുമാനം. ഇരുവരുടെയും പത്താംക്ലാസ് പഠനസമയത്ത് മന്ത്രി മുഹമ്മദ് റിയാസ് പഠനതീരുമാനത്തെ ഫോണിൽവിളിച്ച് അഭിനന്ദിച്ചിരുന്നു.