വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം

സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.