വേണം ജലസുരക്ഷ: വേനൽ കടുത്തതോടെ മലയോരത്തെ പുഴകൾ വരൾച്ചയിലേക്ക്

കേളകം: മഴക്കാലം വിടവാങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂവെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരണ്ട് ഇടമുറിഞ്ഞു തുടങ്ങി. പുഴകളിലെ ജലവിതാനം താഴ്ന്നതോടെ കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ജലവിതാനം താഴ്ന്നു.പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ജലവിതാനം താഴ്ന്നു ഇടമുറിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴക്കാലം നീണ്ടു നിന്നത് വരൾച്ച കുറക്കുന്നതിന് സഹായമായെങ്കിലും വേനൽ കടുത്തതോടെ പൊടുന്നനെ പുഴകളിലെ ജലവിതാനം താഴുകയാണ്.
മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ബാവലി, ചീങ്കണ്ണി പുഴകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വേണം ജലസുരക്ഷ രൂക്ഷമാകുന്ന വരൾച്ചയെ തടയുന്നതിന് താൽക്കാലിക, സ്ഥിരം ജലസുരക്ഷ പദ്ധതികൾ ആവശ്യമാണ്. താൽക്കാലിക പദ്ധതികളിൽ പ്രധാന പുഴകൾക്കും തോടുകൾക്കും കുറുകെ തടയണ കെട്ടി പുഴയിലെ ജലവിധാനം ഉയർത്തി സമീപത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലവിധാനം ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കേളകം പഞ്ചായത്തിലെ രണ്ടു പ്രധാന കുടിവെള്ള പദ്ധതികൾ ഒന്ന് പാറത്തോട് കുടിവെള്ള പദ്ധതിയും മറ്റൊന്ന് കേളകം ടൗൺ കുടിവെള്ള പദ്ധതിയുമാണ്. ഇതിന് രണ്ടിനും സ്ഥിരം തടയണക.ൾ നിർമിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.