നവോത്ഥാന ചരിത്രം പാടി വനിതാ പൂരക്കളി

Share our post

പിലാത്തറ:”ചൊല്ലിയാടുന്നു നാം പൊട്ടൻ തെയ്യം കഥ സത്യം പറഞ്ഞവൻ പൊട്ടനായ കഥ ശങ്കര ഗർവ് തകർത്തെറിഞ്ഞ കഥ ചന്തത്തിലാടി കളിക്കുന്നു ഞങ്ങളും’ പാട്ടിൽ പറയുംപോലെ ചന്തത്തിൽ പൂരക്കളിയുടെ ചുവടുവയ്ക്കുകയാണ് ചെറുതാഴം കൊവ്വലിലെ മുപ്പതോളം വനിതകൾ. കേരള നവോത്ഥാന ആശയങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പൂരക്കളിയുമായി അരങ്ങിലെത്താൻ ഒരുങ്ങുകയാണ് ഇവർ. ചെറുതാഴം റെഡ്സ്റ്റാർ കൊവ്വലിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ പൂരക്കളി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.പൂരക്കളിയിലെ അഞ്ച് നിറങ്ങൾ വ്യത്യസ്തങ്ങളായ വിഷയങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. പുരാണ കഥകൾക്ക് പകരം നവോത്ഥാനചരിത്രമാണ് പാട്ടുകളുടെ വിഷയം.

മേൽക്കളി രാമായണത്തിന് പകരമായി ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ പൊട്ടൻതെയ്യത്തിന്റെ കഥയാണ് ഈണത്തിനൊത്ത് ചിട്ടപ്പെടുത്തിയത്. നവോത്ഥാനപ്രസ്ഥാനങ്ങൾ, നേതാക്കൾ, സമരങ്ങൾ ഇവയെല്ലാം പൂരക്കളിയിലൂടെ സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ഈ വനിതാ പൂരക്കളിസംഘം.ക്ലബ്‌ വാർഷികത്തിൽ വനിതാപൂരക്കളി അവതരിപ്പിക്കാമെന്ന ആശയം ഉദിച്ചയുടൻ പ്രദേശത്തെ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങി. പ്രായഭേദമന്യേ അവർ ഒന്നിച്ചു. കുട്ടികൾ മുതൽ പ്രായമായവർവരെ സംഘത്തിലുണ്ട്. നവോത്ഥാന പൂരക്കളിയിൽ ഒന്നാംനിറവും രണ്ടാംനിറവും തൊഴുതുപാട്ടും ചിട്ടപ്പെടുത്തിയത് പൂരക്കളി കലാകാരനായ സുരേഷ് പരവന്തട്ടയാണ്. മേൽക്കളി പൊട്ടൻതെയ്യ കഥയും ചിന്തുപാട്ടും ചിത്രകാരൻ കെ കെ ആർ വെങ്ങരയാണ് രചിച്ചത്.ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് വേദികളിലേക്കെത്തുന്നത്‌. 30ന് കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്‌ വാർഷിക പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അരങ്ങേറ്റം ഉദ്ഘാടനംചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!