വിമാനയാത്രക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരു ബാഗ് മാത്രം അനുവദിക്കും

Share our post

ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങൾ. രാജ്യത്തെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.

പുതിയ ബാഗേജ് പോളിസി നടപ്പാക്കാൻ നിർദേശിച്ച് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും സിഐഎസ്‍എഫും നേരത്തെ തന്നെ വിമാന കമ്പനികൾക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച് യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതൽ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയർന്ന ക്ലാസുകളിൽ ചില വിമാനക്കമ്പനികൾ ഇളവ് അനുവദിക്കുന്നുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ ഇത് ബാധകമാണെന്നാണ് ചട്ടം. ഒരു ക്യാബിൻ ബാഗോ അല്ലെങ്കിൽ അല്ലെങ്കിൽ ഹാന്റ് ബാഗോ യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാം. അധികമുള്ള ബാഗുകൾ ചെക്ക് ഇൻ ലഗേജിനൊപ്പം വിടണം.

ഇക്കണോമി, പ്രീമിയം ഇക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് ഹാന്റ് ബാഗ് ഏഴ് കിലോഗ്രാം ആയിരിക്കുമെന്നും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഇത് പത്ത് കിലോഗ്രാം ആയിരിക്കുമെന്നുമാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതിന് പുറമെ പരമാവധി 55 സെ.മി ഉയരവും 40 സെ.മി നീളവും 20 സെ.മി വീതിയുമുള്ള ബാഗുകൾ മാത്രമേ അനുവദിക്കൂ. അധിക ഭാരവും അളവുകളിലെ വ്യത്യാസവും അധിക തുക നൽകേണ്ടി വരാൻ കാരണമാവും. പരമാവധി അളവ് 115 സെ.മി ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!