ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യാ-പാക് പോരാട്ടം ദുബായിൽ

Share our post

ദുബായ് : അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് ഐ.സി.സി. ഔദ്യോ​ഗിക മത്സരക്രമം പുറത്തുവിട്ടത്. ഫെബ്രുവരി 19-ന് കറാച്ചിയിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും.ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യൻഷിപ്പ്. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ദുബായിൽവെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ-യിൽ പാകിസ്താൻ, ഇന്ത്യ, ന്യൂസീലാൻഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകളും ഉൾപ്പെടുന്നു.

ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ മാർച്ച് ഒമ്പതിന് ദുബായിൽ വെച്ചായിരിക്കും ഫൈനൽ. അല്ലാത്തപക്ഷം, ലാഹോറിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സെമിഫൈനലിനും ഫൈനൽ മത്സരത്തിനും റിസർവ് ദിവസങ്ങളുണ്ടാകും.2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സി നിലപാടെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!