ഇനി ഓള്‍ പാസ്സില്ല:ആര്‍.ടി.ഇ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

Share our post

വാര്‍ഷിക പരീക്ഷയില്‍ തോറ്റാല്‍ ഇനിമുതല്‍ ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് കേന്ദ്രം. ആര്‍.ടി.ഇ നിയമത്തില്‍ ഭേദഗതി വരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നല്‍കും. ഇതിലും പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥിയ്ക്ക് അതേ ക്ലാസില്‍ തന്നെ തുടരേണ്ടി വരും.‘ആര്‍.ടി.ഇ നിയമത്തിന് കീഴിലുള്ള നോഡിറ്റന്‍ഷന്‍ നയം അനുസരിച്ച് 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ പാടില്ല.8ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം’. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്.

2009ല്‍ അവതരിപ്പിച്ച ആര്‍.ടി.ഇ നിയമത്തിലാണ് നോഡിറ്റന്‍ഷന്‍ നയം പരാമര്‍ശിക്കുന്നത്. വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷകളില്‍ പരാജയപ്പെടുന്നത് കാരണം പഠനം തുടരുന്നതില്‍ നിന്ന് പിന്മാറരുത് എന്നതായിരുന്നു നോ ഡിറ്റന്‍ഷന്‍ നയത്തിന്റെ ലക്ഷ്യം.അതേസമയം ആവശ്യമായ അറിവ് നേടാതെയാണ് കുട്ടികളെ വിജയിപ്പിച്ച് വിടുന്നതെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുകുയും ഇത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയര്‍ന്നതോടെയാണ് അക്കാദമിക് നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ വിജയിപ്പിക്കുന്നതിന് പകരം കുട്ടികളെ അവരുടെ ക്ലാസുകളില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്.കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകള്‍ക്ക് ഓള്‍പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!