വന്യമൃഗങ്ങൾക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ കുറ്റമാക്കും

Share our post

തിരുവനന്തപുരം:വന്യജീവികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ കുറ്റകരമാക്കാനുള്ള നിർദേശം കേരള ഫോറസ്‌റ്റ്‌ ഭേദഗതി ബില്ലിന്റെ ഭാഗമാക്കും. മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത്‌ തടയാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായാണ്‌ ഈ നിർദേശം. കാടിറങ്ങുന്ന മാൻ, മ്ലാവ്‌ പോലുള്ള മൃഗങ്ങൾക്ക്‌ ഭക്ഷണം നൽകുന്നത്‌ ഇവയുടെ വരവ്‌ പതിവാക്കുമെന്നതിനാലാണ്‌ നിർദേശം ഉൾപ്പെടുത്തിയിട്ടുള്ളത്‌.ഇവയെ പിന്തുടർന്ന്‌ പുലി, കടുവ തുടങ്ങിയവ നാട്ടിലെത്തുന്നു. ഇതൊഴിവാക്കാനാണ്‌ വന്യമൃഗങ്ങൾക്ക്‌ ഭക്ഷണം നൽകുന്നത്‌ നിരോധിക്കാൻ നിർദേശിച്ചിട്ടുള്ളത്‌.കാട്ടാന, കാട്ടുപോത്ത്‌ ഉൾപ്പെടെയുള്ളവയെ ഉപദ്രവിക്കുന്നത്‌ പ്രത്യാക്രമണങ്ങൾക്ക്‌ കാരണമാകുന്നുണ്ടെന്നതിനാൽ മൃഗങ്ങളെ പീഡിപ്പിക്കുന്നത്‌ നിരോധിക്കാനും നിർദേശമുണ്ട്‌. വനത്തിലെ ജലാശയങ്ങളിൽ നിന്നുൾപ്പെടെ മണൽ എടുക്കുന്നതും കുറ്റകരമാക്കും.

പാറ, കൽക്കരി, ചുണ്ണാമ്പുകല്ല് എന്നിവ എടുക്കുന്നതിന്‌ നേരത്തേ നിരോധനമുണ്ട്‌. തോക്ക്‌, സ്‌ഫോടകവസ്‌തുക്കൾ എന്നിവയുമായി പൊതുജനങ്ങൾ വനത്തിൽ കടക്കുന്നത്‌ കുറ്റകരമാക്കും. മൃഗവേട്ട, ചന്ദനം ഉൾപ്പെടെയുള്ള മരങ്ങളുടെ മോഷണം ഒഴിവാക്കൽ തുടങ്ങിയവയാണ്‌ ലക്ഷ്യം.കേരള വനം നിയമവും കേന്ദ്രവന്യജീവി സംരക്ഷണ നിയമവും ഒന്നാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ജനങ്ങളെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. ഇത്‌ മറികടക്കാൻ പൊതുജനാഭിപ്രായം സ്വരൂപിച്ച്‌ ഭേദഗതി നടപ്പാക്കാനാണ്‌ വനംവകുപ്പിന്റെ തീരുമാനം. പൊതുജനങ്ങൾക്ക്‌ വനം-, വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലും prlsecy.forest@kerala.gov.in എന്ന ഇ മെയിലിലും അഭിപ്രായം അറിയിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!