എഴുത്തിന്റെ വഴിയിൽ വേദന മറന്ന് സ്വാതി പാലോറാൻ

കണ്ണൂർ:കാഴ്‌ച മങ്ങി.. വിറഞ്ഞു പിടയുന്ന ശരീരം.. സ്വയം എഴുന്നേറ്റിരിക്കാൻ പോലുമാകാതെ 13വർഷമായി ചികിത്സയിലാണ് സ്വാതി പാലോറൻ. രോഗത്തോട് പൊരുതി ആത്മവിശ്വാസം ചോരാതെ ഫോണിൽ കുറിച്ചിട്ട ‘ഐ ടൂ ഹാവ് എ സോൾ’ ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ ബുധനാഴ്‌ച ഇറങ്ങുന്ന സന്തോഷത്തിലാണ് ഈ യുവതിയും കുടുംബവും.അപൂർവരോഗത്താൽ കിടപ്പിലായെങ്കിലും സ്വാതി അക്ഷരങ്ങളുമായി ചങ്ങാത്തത്തിലാണ്. ക്രൈസ്‌റ്റ് കോളേജ് റിട്ട. അധ്യാപകനായ പി വി അധീറും അമ്മ ചിന്മയ സ്‌കൂൾ റിട്ട. അധ്യാപിക പി ശൈലജയും മകളുടെ സ്വപ്‌നങ്ങൾക്ക് നിറംപകരാൻ കൂടെയുണ്ട്. പുസ്‌തകങ്ങൾ വായിച്ചു കേൾപ്പിച്ച് അച്ഛൻ അധീർ മകളുടെ സർഗാത്മരചനകൾക്ക് കൂട്ടിരിക്കുമ്പോൾ, മൊബൈലിൽ കുത്തിക്കുറിക്കുന്ന കവിതകളും രചനകളും പുസ്‌തകത്തിലേക്ക് മാറ്റിയെഴുതുകയാണ് അമ്മ ശൈലജ.ചിന്മയ കോളേജിൽ ബിസിഎ അവസാനവർഷ ബിരുദവിദ്യാർഥിയായിരിക്കെയാണ് കാഴ്‌ച മങ്ങിത്തുടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് തലച്ചോറിലെ നാഡികളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് വർഷം തുടർച്ചയായി എല്ലാ ആഴ്‌ചയും ഇൻജക്ഷനെടുത്തെങ്കിലും രോഗം മൂർച്ചിച്ച് കിടപ്പിലായി. മേലൂരിലെ വീടും സ്ഥലവും വിറ്റ് ചികത്സിച്ചു. പിന്നീട് മേലെ ചൊവ്വയിൽ വാടകവീട്ടിൽ താമസം തുടങ്ങിയ വേളയിലാണ് സ്വാതി ‘ഐ ടൂ ഹാവ് എ സോൾ’എന്ന നോവലെഴുതിയത്. വർഷങ്ങളോളം രചന പുറംലോകം കാണാതെ കിടന്നു. പി വി അധീറിനെ കാണാൻ പൂർവ വിദ്യാഥികൾ വീട്ടിലെത്തിയതോടെയാണ് സ്വാതിയുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമം തുടങ്ങിയത്. മയ്യഴിയിലെ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ രാജലക്ഷ്‌മിയുടെ സഹായത്തിൽ കഴിഞ്ഞവർഷമാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്.
സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരനാണ് പുസ്‌തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത്. മാജിക്കൽ റിയലിസത്തിലൂന്നിയാണ് രചനകൾ. കൂത്തുപറമ്പ് മലയാള കലാനിലയം വാർഷികാഘോഷത്തിൽ 25ന് വൈകിട്ട് അഞ്ചിന് നോവൽ പരിഭാഷ മേജർ ജനറൽ ടി പത്മിനി പ്രകാശിപ്പിക്കും.