അടുത്തവർഷത്തെ ഒഴിവുകൾ 25-നകം പി.എസ്.സി.യെ അറിയിക്കണം; വീഴ്ചവരുത്തിയാൽ നടപടി

സംസ്ഥാനത്ത് വിവിധ സർക്കാർവകുപ്പുകളിൽ 2025 കലണ്ടർ വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിൽ പി.എസ്.സി. മുഖേന നികത്തേണ്ടവയുടെ വിവരം ഡിസംബർ 25-നുള്ളിൽ അറിയിക്കാൻ നിർദേശം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ അക്കാര്യവും അറിയിക്കണം. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസവേതനത്തിനോ കരാറടിസ്ഥാനത്തിലോ തുടങ്ങി ഏതുവിധത്തിലുമുള്ള താത്‌കാലിക നിയമനവും പാടില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി.പ്രതീക്ഷിക്കുന്ന ഒഴിവുകളെക്കുറിച്ചുള്ള വിവരം ഇ-വേക്കൻസി സോഫ്റ്റ്‌വേർ സംവിധാനംവഴിയാണ് പി.എസ്.സി.യെ അറിയിക്കേണ്ടത്. സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പിനും ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പിനും ഡിസംബർ 31-നുള്ളിൽ ഈ വിവരം നൽകണം. സ്പെഷ്യൽ റിക്രൂട്ട്മെന്റിനായി സംവരണം ചെയ്തിട്ടുള്ളതും ജനറൽ റിക്രൂട്ട്മെന്റിനുള്ളതുമായ ഒഴിവുകൾ തരംതിരിച്ച് റിപ്പോർട്ട് ചെയ്യണം. ഡ്രൈവർ കം ഒാഫീസ് അറ്റൻഡന്റ് തസ്തികയിലുണ്ടായേക്കാവുന്ന ഒഴിവുകൾ ഇങ്ങനെ മുൻകൂട്ടി അറിയിക്കേണ്ട. ഒഴിവുകൾ ഇങ്ങനെ മുൻകൂട്ടി അറിയിക്കേണ്ട. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്താൽ മതി.