തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാൻ ശുപാർശ

Share our post

ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സന്തോഷവാർത്ത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കാന്‍ പാർലമെൻ്ററി പാനല്‍ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു.പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ശുപാർശ.

തൊഴിലാളികള്‍ക്ക് നല്‍കുന്ന തുക അപര്യാപ്തമാണെന്നും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമല്ലെന്ന നിരീക്ഷണവും ഗ്രാമ വികസനത്തിനും പഞ്ചായത്തീ രാജിനുമുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിരീക്ഷിച്ചു.ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ നിരക്ക് 234-ലും കൂടിയ നിരക്ക് 374 രൂപയുമാണ്. ഹരിയാനയിലും സിക്കിമിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് ഏറ്റവും ഉയർന്ന കൂലി നിരക്ക്.

ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനമായി 374 രൂപ ലഭിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കുറച്ച്‌ വേതനം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. 234 രൂപ മാത്രമാണ് ഇവിടങ്ങളിലെ കൂലി.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി (പ്രതിദിനം 237 രൂപ) മാത്രമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഒരു ദിവസത്തെ തൊഴിലിന് 346 രൂപയാണ് കൂലി.

പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം വളരെ കുറഞ്ഞ വേതനമാണെന്നും കോണ്‍ഗ്രസ് എം.പി സപ്തഗിരി ശങ്കർ ഉലകയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി വിലയിരുത്തുന്നു.തൊഴിലുറപ്പ് പദ്ദതിയുടെ കീഴില്‍ ജോലികള്‍ ഏറ്റെടുക്കുന്നത് മറ്റ് ഉപജീവനമാർഗ്ഗമോ തൊഴില്‍ സാധ്യതയോ ഇല്ലാത്ത നിരവധി പാവപ്പെട്ട ഗ്രാമീണ ജനങ്ങളാണ്. അത് അവരുടെ അവസാന ആശ്രയമാണ്. ചെറിയ കൂലിയും പേയ്‌മെൻ്റ് വൈകുന്നതും അവരെ നിരുത്സാഹപ്പെടുത്തുകയും മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്ന മേഖലകളില്‍ കുടിയേറാനും ജോലി തേടാനും പ്രേരിപ്പിക്കുന്നു.

വേതനം വർധിപ്പിക്കാൻ ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് കമ്മിറ്റി പറഞ്ഞു. വേതന വർധനവ് പ്രാബല്യത്തില്‍ വന്നാല്‍ കൂടിയ നിരക്ക് 400 ആയേക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ കൂലി 350-ഉം കടന്നേക്കും. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നൽകുന്ന പദ്ധതിക്ക് കീഴിലായി 13.02 കോടി പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!