തളിപ്പറമ്പിൽ സ്വകാര്യ ഏജൻസിയുടെ കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം

Share our post

കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.  ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ്‌ മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ജാഫർ ഏജൻസിയുടെ കുടിവെള്ള ടാങ്കറും ഗുഡ്‌സ് ഓട്ടോയും നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ പിടിച്ചെടുത്തു.കുറുമാത്തൂർ പഞ്ചായത്തിലെ 14ാം വാർഡ്‌ ചവനപ്പുഴയിലെ കിണറ്റിൽനിന്നാണ് ഇവർ വെള്ളംശേഖരിക്കുന്നത്‌. ഹാജരാക്കിയ ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട്‌  പ്രകാരം ഈ കിണറ്റിലെ വെള്ളം ശുദ്ധമാണ്‌. എന്നാൽ വിതരണത്തിനെത്തിയ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഹാജരാക്കിയ ജലപരിശോധനാ റിപ്പോർട്ട്  കൃത്രിമമാണ്‌. നിർദിഷ്ട ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ഇവിടെ ചെയ്യുന്നില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഈ കിണർ തുടർച്ചയായി ക്ലോറിനേഷൻ നടത്താനും അധികൃതർ നിർദേശിച്ചു.  തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും  കുടിവെള്ളമെത്തിക്കുന്നത് ഈ ഏജൻസിയാണ്‌. ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ ഏജൻസി കുടിവെള്ളംവിതരണം ചെയ്‌തിരുന്ന സമയത്ത്‌ കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായും ആരോഗ്യ വകുപ്പിന്‌ വിവരം ലഭിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ  കെ സി സച്ചിൻ നേതൃത്വത്തിലുള്ള സംഘമാണ്‌ തളിപ്പറമ്പിൽ പരിശോധന നടത്തിയത്‌. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ അഷ്‌റഫ്‌, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ  ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും സംഘത്തിലുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!