11 വര്‍ഷത്തിന് ശേഷം വിധി; ഷെഫീഖ് വധശ്രമക്കേസ്, അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ

Share our post

തൊടുപുഴ: നാലര വയസ്സുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് വിധിച്ച് മുട്ടം ഒന്നാം അഡീഷണൽ ജില്ലാ കോടതി. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയുമാണ് പ്രതികൾ. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി വിധി വരുന്നത്.മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അം​ഗീകരിച്ചാണ് കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഉടൻതന്നെ കേസിൽ കോടതി വിധി പറയും.

2013 ജൂലായിലാണ് നാലരവയസ്സുകാരൻ ഷെഫീഖ്, അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന്റെയും രണ്ടാനമ്മ അനീഷയുടെയും ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. ഇതോടെ താൻ ആരാണെന്നുപോലും തിരിച്ചറിയാനാകാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.കേസിൽ മെഡിക്കൽ തെളിവാണ് ഏറ്റവും നിർണായകമായത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും കട്ടിലിൽനിന്ന് തനിയെ വീണാണ് പരിക്കുകളുണ്ടായതെന്നും ദേഹത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ, അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട് ഇതിനെല്ലാം വിരുദ്ധമാണ്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളിൽപ്പോലും പൊള്ളലുണ്ടെന്നാണ് വിവരം.സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!