വൈദ്യുതി കണക്ഷൻ: നിലവിലെ നിരക്കുകൾ മാർച്ച് 31 വരെ തുടരും

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31വരെ നീട്ടി. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10 ശതമാനം വർധിപ്പിച്ചിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതുവരെയോ റെഗുലേറ്ററി കമീഷൻ നീട്ടിയത്.പോസ്റ്റ് സ്ഥാപിക്കൽ, വയർ വലിക്കൽ, മീറ്റർ മാറ്റിവെക്കൽ, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചെലവുകളിലാണ് നിലവിലെ നിരക്ക് തുടരുക. സാധന സാമഗ്രികളുടെ ചെലവിലും പണിക്കൂലിയിലുമുണ്ടായ വർധന കണക്കിലെടുത്താണ് നിരക്ക് വർധന നടപ്പാക്കിയത്. നിലവിൽ വേണ്ട പോസ്റ്റുകളുടെ എണ്ണവും വൈദ്യുതി ലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്ഷൻ ചെലവ് ഈടാക്കുന്നത്.ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമീഷൻ നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും അപേക്ഷ നൽകാൻ കെ.എസ്.ഇ.ബിയോട് കമീഷൻ നിർദേശിച്ചു.