ക്ഷേമ പെന്‍ഷന്‍ തട്ടിയതില്‍ നടപടി; ആറ് സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്തു

Share our post

തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാർക്കെതിരേ നടപടി. കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി., വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേണഷണ അസിസ്റ്റന്‍് ഡയറക്ടറുടെ കാര്യലായം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അനധികൃതമായി ക്ഷേമപെഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നേരത്തെ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവികസന കമ്മീഷന്‍ അടക്കമുള്ളവര്‍ യോഗം ചേരുകയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരാണ് കൃഷി വകുപ്പില്‍നിന്ന് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ.സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയ പണം തിരികെ പിടിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. 18 ശതമാനം പലിശയടക്കമാണ് തിരിച്ചു പിടിക്കുക. നിലവില്‍ കൃഷി വകുപ്പില്‍ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ധനവകുപ്പിന്റെ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജീവനക്കാർ ഇത് അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വളരെ ദുര്‍ബലരായ ജനതയ്ക്ക് വേണ്ടി നിശ്ചിയിച്ചിരിക്കുന്ന ഒന്നാണ്. അബദ്ധം പറ്റിയാൽ അത് മനസിലാക്കാം. പക്ഷേ, ഇത് അബദ്ധമാണെന്ന് തോന്നുന്നില്ല. ഇത് തിരിച്ചടയ്ക്കുകയും തുടര്‍നടപടികള്‍ നേരിടേണ്ടിവരികയും വേണം. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമൂഹികക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയ ശേഷം എല്ലാ വകുപ്പുകള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കൃഷിവകുപ്പിനോടും മണ്ണ് സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചിരുന്നു. രണ്ട് വകുപ്പുകളും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇത് കൈപ്പറ്റിയവരുടെ പേരില്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!