കുന്നത്തൂർ പാടിയിൽ തിരുവപ്പന മഹോത്സവം തുടങ്ങി;വാണവരും ആചാരക്കാരും പാടിയിൽ പ്രവേശിച്ചു

ശ്രീകണ്ഠപുരം : സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിലുള്ള കുന്നത്തൂർ മലമുകളിലെ വനത്തിൽ, മുത്തപ്പൻ മടപ്പുരകളുടെ ആരൂഢസ്ഥാനമായ കുന്നത്തൂർ പാടിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം.ഇന്നലെ സന്ധ്യയോടെ താഴെ പൊടിക്കളത്തെ ശ്രീകോവിലിൽ ദീപാരാധനയ്ക്കു ശേഷം ഉത്സവം തുടങ്ങാൻ തന്ത്രി അനുവാദം നൽകി. തുടർന്ന് കൊല്ലൻ മുത്തപ്പന്റെ ആയുധങ്ങൾ കടഞ്ഞ് ചന്തന് കൈമാറി.ചൂട്ടും ഭണ്ഡാരവും മുത്തപ്പന്റെ തിരുവാഭരണങ്ങളും സഹിതം അടിയാന്മാർ വാണവരെയും ചന്തനെയും കോമരത്തെയും കോലധാരികളെയും വാദ്യക്കാരെയും കളിക്കപ്പാട്ട് പാടിക്കൊണ്ട് പാടിയിലേക്ക് ആനയിച്ചു.പാടിയിലെ വാണവരുടെ കങ്കാണി അറയുടെ തൂണിൽ കൊല്ലൻ കുത്തുവിളക്ക് സ്ഥാപിച്ചു.തുടർന്ന് കുടുപതി വിളക്കിൽ അഗ്നി പകർന്നതോടെ പാടിയിലെ ചടങ്ങുകൾ തുടങ്ങി.
ഓലകൊണ്ടു നിർമിച്ച താൽക്കാലിക മടപ്പുരയും , അടിയന്തിരക്കാരുടെയും സ്ഥാനികരുടെയും പന്തലുകളും സജീവമായി.
ആദ്യദിവസം
മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം,തിരുവപ്പന എന്നീ രൂപങ്ങൾ കെട്ടിയാടി.ഇന്നു മുതൽ വൈകീട്ട് 4ന് ഊട്ടും വെള്ളാട്ടവും രാത്രി 9ന് തിരുവപ്പനയുമുണ്ടാകും.കോലധാരികളായ പാനൂർ വളള്യായിയിലെ അഞ്ഞൂറ്റാൻമാർ, വാണവരുടെ അടയാളവുമായി പോയ ചന്തന്റെ പ്രതിനിധികളോടൊപ്പം കഴിഞ്ഞ ദിവസം ചന്തന്റെ വസതിയിൽ എത്തിയിരുന്നു.ഉത്സവത്തിന് മുന്നോടിയായി ദേവസ്ഥാനം തന്ത്രി ഇളയിടത്ത് പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ താഴെ പൊടിക്കളത്ത് വിവിധ പൂജകൾ നടന്നു.ഭക്തർ മുത്തപ്പന് വഴിപാടായി കള്ള്, മത്സ്യം തുടങ്ങിയവ സമർപ്പിക്കുന്നു.വിദേശമദ്യം ഇവിടെ നിരോധിച്ചിട്ടുണ്ട്.
ആദ്യദിവസവും
മറ്റുചില ദിവസങ്ങളിലും മുത്തപ്പന്റെ മാതാവായ മൂലംപെറ്റ ഭഗവതിയെയും കെട്ടിയാടും.
ജനുവരി 16ന്
അടിയാന്മാരുടെ നിഗൂഢമായ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.
അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് ഭക്തരാണ് ഉത്സവകാലത്ത് പാടിയിൽ എത്താറുള്ളത്.
പാടിയിലും താഴെ പൊടിക്കളത്തും 24 മണിക്കൂറും ദർശന സൗകര്യമുണ്ടാകും. വാഹനത്തിൽ എത്തുന്നവർക്ക് വിപുലമായ പാർക്കിംഗ് സൗകര്യമുണ്ട്.
എല്ലാ ദിവസവും വൈകീട്ട് 7 മുതൽ അന്നദാനമുണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.
കുഞ്ഞിരാമൻ നായനാർ അറിയിച്ചു.