തബല മാന്ത്രികൻ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

Share our post

തബലയില്‍ വിസ്മയം തീർക്കാൻ ഇനി സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം എന്നെന്നേക്കുമായി വിടവാങ്ങി.73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു.

1951-ല്‍ മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാൻഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്ബരാഗത കലാകാരൻമാർക്കും സംഗീതജ്ഞർക്കും നല്‍കുന്ന ഏറ്റവുമുയർന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മന്റോ, മിസ്റ്റർ ആന്റ് മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചില്‍ഡ്രൻ, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!