പൊലീസ്- എം.വി.ഡി സംയുക്ത പരിശോധന 24 മണിക്കൂറും,കൂടുതല്‍ എ.ഐ കാമറകള്‍

Share our post

സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. യോഗ തീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.

അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത്തില്‍ വാഹനം ഓടിക്കല്‍, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്‌ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.

നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്. ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. എ ഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ എഐ കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!