സ്കൂള്‍ പരീക്ഷ മാറുന്നു; ഇനി കടുക്കും

Share our post

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളില്‍ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടില്‍ നിർദേശിക്കുന്നു.

നിർദേശത്തിന് തത്ത്വത്തില്‍ അംഗീകാരമായിട്ടുണ്ട്

ഈ വർഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്ബതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തില്‍ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളില്‍ ഈ വർഷം മുതല്‍ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യനിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതല്‍ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.

എസ്.സി.ഇ.ആർ.ടിയുടെ സ്റ്റേറ്റ് അസസ്മെന്‍റ് സെല്ലാണ് പ്രത്യേക ശില്‍പശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങള്‍, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങള്‍, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍, തുറന്ന ചോദ്യങ്ങള്‍ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം.

എസ്.സി.ഇ.ആർ.ടി നിർദേശം

* പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍

•50 ശതമാനം ശരാശരി നിലവാരത്തില്‍

•30 ശതമാനം ലളിതം

‘എ പ്ലസ് പ്രളയം’ അവസാനിക്കും

പരീക്ഷാ ചോദ്യങ്ങള്‍ക്ക് മൂന്ന് തലം നിശ്ചയിക്കുന്നതോടെ, പൊതുപരീക്ഷകളിലെ ‘എ പ്ലസ് പ്രളയം’ അവസാനിക്കും. മികവുള്ള വിദ്യാർഥികള്‍ മാത്രം എ പ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.

ഇതിനായി 20 ശതമാനം ചോദ്യങ്ങള്‍ പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന തലത്തിലുള്ളതായിരിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നതിലൂടെ മാത്രമേ 80 ശതമാനത്തിന് മുകളില്‍ മാർക്ക് നേടാനാകൂ. നിലവില്‍ ശരാശരി നിലവാരത്തിലുള്ള കുട്ടികള്‍ പോലും മികവിന്‍റെ തലമായ എ പ്ലസിലേക്ക് കയറിവരുന്നതാണ് പ്രവണത. 30 ശതമാനം ചോദ്യങ്ങള്‍ ലളിതമാകുന്നതിലൂടെ തോല്‍വി പരമാവധി ഒഴിവാക്കാനുമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!