ആനവണ്ടിയുടെ തലയെടുപ്പ് പേരില്‍ മാത്രം; ഒട്ടും കളര്‍ഫുളല്ല കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവിതം

Share our post

കെ.എസ്.ആര്‍.ടി.സി. ബസിനെ നെഞ്ചിലേറ്റിയ മലയാളികള്‍ ആ തലയെടുപ്പിനും പ്രൗഢിക്കും നല്‍കിയ ചെല്ലപ്പേരായിരുന്നു ‘ആനവണ്ടി’യെന്നത്. എന്നാല്‍, അത്തരം പ്രൗഢിയോ, തലയെടുപ്പോ ഒന്നും അവിടെ ഉപജീവനം നടത്തുന്നവരുടെ ജീവിതത്തിലില്ല. കൃത്യമായി ശമ്പളമില്ല, ശാരീരിക ബുദ്ധിമുട്ടിലും മണിക്കൂറുകള്‍നീണ്ട ജോലി. ഇതിനിടയിലും സമയംതെറ്റാതെയുള്ള ഓട്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. മധുരവും കയ്പും നിറഞ്ഞതാണ് ഇവരുടെ ഒരോ ട്രിപ്പും. പ്രതിസന്ധിയിലൂടെ നീങ്ങുന്ന ‘പ്രസ്ഥാനം’.

ആദ്യം ഒന്ന്, പിന്നെ രണ്ടുഗഡു; ഇപ്പോള്‍ ഒന്നുമില്ല…

മാസങ്ങളോളം ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. നഷ്ടത്തിലോടുന്ന കമ്പനി, ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നുവന്നപ്പോള്‍ രണ്ട് ഘട്ടമായി നല്‍കാന്‍ തീരുമാനിച്ചു.

ആദ്യമൊക്കെ കൃത്യമായി അങ്ങനെ വന്നിരുന്ന ശമ്പളം വീണ്ടും തെറ്റാന്‍ തുടങ്ങി. നിലവില്‍ എപ്പോഴെങ്കിലുമാണ് ജീവനക്കാര്‍ക്ക് ശമ്പളമെത്തുന്നത്. ഡി.എ. കുടിശ്ശിക കിട്ടിയിട്ട് വര്‍ഷങ്ങളായി. കൃത്യമായി ശമ്പളം ലഭിക്കാത്തതുകാരണം വീട്ടുവായ്പ എടുത്തവരുടെ അടവുകള്‍ മുടങ്ങി. അത്യാവശ്യത്തിന് മറ്റൊരു വായ്പപോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു.

സൗകര്യങ്ങള്‍ പേരിനുമാത്രം

മണിക്കൂറുകളോളം നീണ്ട ഷെഡ്യൂളുകളില്‍ സൗകര്യപ്രദമല്ലാതെ വാഹനം ഓടിക്കുന്നതും കൂടുതല്‍സമയം നില്‍ക്കുന്നതും ജീവനക്കാരുടെ ആരോഗ്യത്തെബാധിക്കുന്നുണ്ട്. കഴിഞ്ഞയിടയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറുടെ സീറ്റ് ഒടിഞ്ഞതിനെത്തുടര്‍ന്ന് ട്രിപ്പ് റദ്ദാക്കേണ്ടിവന്നു.

ജോലിക്കിടയില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളോ, വൃത്തിയുള്ള ശൗചാലയസൗകര്യങ്ങളോ ലഭിക്കുന്നില്ല. രണ്ടുമാസം മുമ്പ് പത്തനംതിട്ട-കൊല്ലം റൂട്ടിലോടുന്ന ബസിലെ വനിതാ കണ്ടക്ടര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഷുഗറും പ്രഷറും പോലെയുള്ള അസുഖങ്ങളുള്ളവരാണ് ഭൂരിഭാഗവും.

അന്നം തരുന്നിടം കളറാകണം

കരിപുരണ്ട ജീവിതമല്ല അന്നം തരുന്നിടം കളറായി കാണണമെന്നാണ് അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ പക്ഷം. മാസങ്ങള്‍ക്കു മുമ്പ് ജീവനക്കാര്‍ ഡിപ്പോയിലെ മുകള്‍നിലയിലെ ഓഫീസ് കെട്ടിടം പെയിന്റുചെയ്തു. മാലിന്യംനിറഞ്ഞ പഴയ കാത്തിരിപ്പുകേന്ദ്രവും കഴുകി വൃത്തിയാക്കി. കേടായ വിളക്കുകളും ഇവര്‍ തന്നെയാണ് നന്നാക്കിയിട്ടത്.

പുറത്തുനിന്ന് കൂലിക്കുവിളിക്കുന്നവരാണ് ജോലികള്‍ ചെയ്യുന്നത്. ഇതിനുള്ള ചെലവെല്ലാം കണ്ടെത്തിയത് സ്വന്തം പണം ഉപയോഗിച്ചാണ്. ഡിപ്പോ വൃത്തിയായി കിടക്കുന്നതില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരേ മനസ്സാണ്. 1983 മേയ് ഏഴിനാണ് അടൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് ഒരു കെട്ടിടം വരുന്നത്. 2007-ല്‍ ഒരു കെട്ടിടം നിര്‍മിച്ചു എന്നതല്ലാതെ പറയത്തക്ക അടിസ്ഥാന സൗകര്യങ്ങളൊന്നും അടൂര്‍ ഡിപ്പോയിലില്ല.

തനിച്ചാക്കില്ല, കോഴഞ്ചേരിക്കാരന്‍

സാധാരണ ബസ്സര്‍വീസ് എന്നതിനപ്പുറം യാത്രക്കാരും ജീവനക്കാരും ഒരുകുടുംബം പോലെയാണ് കോഴഞ്ചേരി ‘സ്റ്റേ’ ബസിന്റെ സര്‍വീസ്. ഈ ബസില്‍നിന്നുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ യാത്രക്കാര്‍ക്കും പങ്കുവെയ്ക്കാനുണ്ട്. പത്തനംതിട്ട പ്രക്കാനം സ്വദേശി പെണ്‍കുട്ടിക്കും അത്തരമൊരു അനുഭവം പറയാനുണ്ട്. രാത്രി ട്രിപ്പിനിടയില്‍ മുക്കാല്‍മണിക്കൂറോളം കാത്തുനിന്ന സംഭവം:

ചെന്നൈ യാത്രകഴിഞ്ഞ് നാട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെത്തി തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരിക്കുപോകുന്ന ബസിനായി കാത്തുനിന്നു. തിരുവനന്തപുരത്തുനിന്ന് കോഴഞ്ചേരി സ്റ്റേ ബസില്‍ കയറിയാല്‍ വീടിന് അടുത്തിറങ്ങാം.

ഏറെനേരം കാത്തിട്ടും ബസ് എത്താത്തതിനെ തുടര്‍ന്ന് ഡിപ്പോയില്‍ അന്വേഷിച്ചെങ്കിലും കൃത്യമായി മറുപടിയില്ല. കോഴഞ്ചേരി ബസ് വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്ന ആളെ വിളിച്ച് കണ്ടക്ടറുടെ നമ്പര്‍വാങ്ങി. അപ്പോഴാണ് ബസ് അന്നേദിവസം കൊട്ടാരക്കരയില്‍നിന്നാണ് സര്‍വീസ് എന്നറിഞ്ഞത്.

പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് അറിഞ്ഞതോടെ ഏഴുമണിയാകുമ്പോള്‍ അടൂര്‍ സ്റ്റാന്‍ഡില്‍ എത്താനാകുമോയെന്ന് ചോദിച്ചു. അങ്ങനെയെങ്കില്‍ അവിടെ കാത്തുനില്‍ക്കാമെന്ന് അറിയിച്ചു.

ആറുമണിക്ക് തിരുവനന്തപുരത്തുനിന്ന് ബസ് കയറിയ പെണ്‍കുട്ടിക്ക് ഏഴിന് അടൂരെത്താമെന്ന് ഉറപ്പില്ലാത്തതിനാല്‍ ശ്രമിക്കാം, എന്നുപറഞ്ഞു വണ്ടികയറി. അടൂരിലെത്തിയപ്പോള്‍ സമയം 7.45. അവിടെയാണ് യാത്രക്കാരുടെ സ്വന്തം കോഴഞ്ചേരിക്കാരന്‍ ബസിന്റെ നന്മ.

രാത്രി ഒറ്റയ്ക്ക് യാത്രചെയ്തുവരുന്ന പെണ്‍കുട്ടിക്കായി 45 മിനിറ്റാണ് അടൂര്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുകിടന്നത്. സ്ഥിരം യാത്രക്കാരായിരുന്നതിനാല്‍ അവര്‍ക്കും പരാതിയില്ല. കാരണം മുമ്പ് പലപ്പോഴും യാത്രക്കാര്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ബസാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!