പുകഞ്ഞാല്‍ രക്ഷയില്ല, മറിമായവും നടക്കില്ല; ടെസ്റ്റ് പാസാകുന്ന വാഹനങ്ങള്‍ കുറയുന്നു

പുകപരിശോധന പൂര്‍ണമായും പരിവാഹന്‍ സംവിധാനത്തിലേക്ക് മാറിയതോടെ ആദ്യഘട്ട പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ്. പരിശോധനയുടെ കൃത്യത വര്‍ധിച്ചതോടെയാണ് പലവാഹനങ്ങളും പുകപരിശോധനയില്‍ പരാജയപ്പെടുന്നത്. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും പുകപരിശോധനയ്ക്ക് ഹാജരാക്കിയാണ് പലവാഹനങ്ങളും വിജയിക്കുന്നത്.
പുകപരിശോധനയില്‍ വിജയിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കാനാകില്ലെന്നതാണ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി. കാര്‍ബറേറ്ററുള്ള വാഹനങ്ങള്‍ക്കാണ് പുകപരിശോധന വിജയിക്കാത്ത പ്രശ്‌നം കൂടുതലായുള്ളത്. പഴയ ഇരുചക്രവാഹനങ്ങളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
നിശ്ചിത കാലയളവില്‍ വാഹനം സര്‍വീസ് ചെയ്യാത്തവര്‍ക്കാണ് പ്രശ്‌നമേറെയും. 50 വര്‍ഷം പഴക്കമുള്ള ബുള്ളറ്റുകള്‍വരെ ഇപ്പോഴും പുകപരിശോധന വിജയിക്കുന്നുണ്ടെന്നും കൃത്യമായ പരിപാലനമാണ് അതിന് കാരണമെന്നും ഇവര്‍ പറയുന്നു. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയുടെ തകരാറും പഴക്കവും പുകപരിശോധന വിജയിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു.
പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ സര്‍വീസ് സെന്ററുകളിലെത്തിച്ച് കാര്‍ബറേറ്റര്‍ വൃത്തിയാക്കിയും മറ്റ് സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചും ഹാജരാക്കിയശേഷമാണ് പുകപരിശോധന വിജയിക്കുന്നത്. 2021-ലാണ് പുകപരിശോധന ഓണ്‍ലൈനായത്. എന്നാല്‍, 2024-ലാണ് കര്‍ശന നിബന്ധനകളോടെ ഇത് പരിവാഹന്‍ മുഖാന്തരം പരിശോധിക്കണമെന്ന തീരുമാനമെത്തിയത്. അതിനുമുന്‍പുവരെ ഒരു പരിശോധനാകേന്ദ്രത്തിലെ 90 ശതമാനത്തോളം വാഹനങ്ങളും പുകപരിശോധനയില്‍ വിജയിച്ചിരുന്നു.
വാഹനം ഹാജരാക്കുകപോലും ചെയ്യാതെ പുകപരിശോധന വിജയിക്കുന്ന തരത്തില്‍ ക്രമക്കേടുകളും പലയിടത്തും നടന്നിരുന്നു. എന്നാല്‍, നിബന്ധന കര്‍ശനമാക്കിയതോടെ 75 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ആദ്യശ്രമത്തില്‍ വിജയിക്കുന്നത്. കൃത്യമല്ലാതെ പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരേയും നടപടിയെടുക്കുമെന്നതും പരിശോധന കൃത്യമാകുന്നതിന് കാരണങ്ങളിലൊന്നാണ്.