വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ സംസാരക്കൂട്ടം; സംസ്ഥാനത്ത് ആദ്യം

Share our post

ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ സംസാരക്കൂട്ടം വരുന്നു. ‘ടോക്കിങ് പാർലർ’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സൗഹൃദവും ബാല്യകാല സ്മരണകളും പങ്കുവെക്കുന്നതിനൊപ്പം പുതിയ സൗഹൃദം തേടുകയുമാകാം. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനായി കോവിഡ് കാലത്തുണ്ടാക്കിയ ഹെൽത്തി എയ്ജിങ് മൂവ്മെന്റാണ് ആശയത്തിനു പിന്നിൽ.

വിദേശങ്ങളിൽ ടോക്കിങ് പാർലറുകളുണ്ട്. വയോജനങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ഒരിടത്ത് ഒത്തുകൂടും. ഇഷ്ടവിഷയം ചർച്ചചെയ്യും, ഓർമ്മകൾ പങ്കുവെക്കും.

മക്കൾ വിദേശത്തോ ജോലിയുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലോ താമസമാക്കുന്നതോടെ വീട്ടിൽ മാതാപിതാക്കൾ മാത്രമാകാറുണ്ട്. ഇവരിലൊരാൾ മരിച്ചാൽ മറ്റെയാൾ തനിച്ചാകും. അങ്ങനെയുള്ളവരെ വീടുകളിൽനിന്നു പുറത്തേക്കു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംഘടനയുടെ രക്ഷാധികാരിയും കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. ബി. പദ്മകുമാറും സാമൂഹിക പ്രവർത്തകനും കോഡിനേറ്ററുമായ ചന്ദ്രദാസ് കേശവപിള്ളയും പറഞ്ഞു.

ഓർമ്മ കൂടും

ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താൻ വ്യായാമം സഹായിക്കുമെങ്കിൽ ഓർമ്മ കൂട്ടാൻ സംസാരത്തിലൂടെ കഴിയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. മസ്തിഷ്കത്തിനു സംസാരത്തിലൂടെ വ്യായാമം നൽകാനാകും.

വയോജന സൗഹൃദവേളകളിൽ‌ അന്നന്നുള്ള കാര്യമായിരിക്കില്ല പങ്കുവെക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളും കുട്ടിക്കാല ഓർമ്മകളും പറയാൻ പ്രോത്സാഹിപ്പിക്കും. ഇത് ഓർമ്മയെ ഉദ്ദീപിപ്പിക്കുമെന്ന് ഡോ. പദ്മകുമാർ പറഞ്ഞു.

ആദ്യഘട്ടം ആലപ്പുഴയിൽ

പദ്ധതിയുടെ ആദ്യഘട്ടമായി ശനിയാഴ്ച ആലപ്പുഴ നഗരത്തിൽ പത്തിടങ്ങളിലായി ടോക്കിങ് പാർലറുകൾ തുടങ്ങും. ഏതെങ്കിലും വീടുകളാകും ഇതെന്ന് ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു. സ്ഥിരം സംഘമായിരിക്കും. അടുത്ത സൗഹൃദം പുലർത്തുന്നവരാണു പങ്കെടുക്കുക. സംസാരിച്ചു നിർത്തിയതിൽനിന്നു വീണ്ടും തുടങ്ങാൻ പ്രോത്സാഹിപ്പിക്കും.‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!