ഊട്ടിയെ മലയാളികള്‍ കൈവിടുന്നു; കാരണമായത് തമിഴ്‌നാടിന്റെ ഇ-പാസ്

Share our post

മലപ്പുറം: മലയാളികളുടെ ഇഷ്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാമതാണ് ഊട്ടിയുടെ സ്ഥാനം. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കാരണമായതാകട്ടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും.

നീലഗിരി ജില്ലയില്‍ പ്രവേശിക്കാന്‍ ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനം. പാസെടുക്കാനുള്ള തിരക്ക് കാരണമാണ് പലരും ഊട്ടിയില്‍ നിന്ന് റൂട്ട് മാറ്റുന്നത്. ഈ വര്‍ഷം മേയ് മാസം ഏഴാം തീയതി മുതലാണ് പാസ് കര്‍ശനമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെയായിരുന്നു പാസ് സംവിധാനം. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ നീട്ടി. ഇപ്പോഴിതാ ഡിസംബര്‍ 30 വരെ ഈ രീതി തുടരാനാണ് തീരുമാനം.

ഇ-പാസില്ലാതെ വരുന്ന യാത്രക്കാര്‍ക്ക് നീലഗിരി അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ജീവനക്കാര്‍ ഓണ്‍ലൈന്‍ വഴി പാസ് എടുത്തുനല്‍ക്കുന്നുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ വാഹനതിരക്ക് ഏറെയാണ്. വഴിയില്‍ ഗതാഗതതടസം നേരിടേണ്ടി വരുന്നതിനാല്‍ ഊട്ടിയിലേക്കുള്ള പല ടൂറിസ്റ്റുകളും മൈസൂര്‍, മുതുമല, ബന്ദിപ്പൂര്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലകളിലേക്ക് റൂട്ട് മാറ്റുകയാണ്. ഇത് ഊട്ടി കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് സംസ്ഥാനത്തെ ടൂറിസം മേഖലയേയും ഒപ്പം അനുബന്ധ സ്ഥാപനങ്ങളേയും ബാധിച്ചിട്ടുണ്ട്. ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ടാക്സി, ഓട്ടോ ടൂറിസം, ഗൈഡ് ട്രാവല്‍സ് തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!