വിപണിയിൽ ‘സ്റ്റാറാ’യി ട്രീ സ്റ്റാറും ഗ്ലാസ്പേപ്പർ സ്റ്റാറും

കണ്ണൂർ : ക്രിസ്മസ് ആഘോഷത്തിന്റെ വരവറിയിച്ചു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ തുടങ്ങി. ഇത്തവണയും ക്രിസ്മസ് വിപണിയിലെ താരം എൽഇഡി സ്റ്റാറുകൾ തന്നെ. പല രൂപത്തിലും വർണത്തിലും ക്രിസ്മസിനെ ഒരുക്കാൻ വിപണിയിൽ ഇവ ഇടംപിടിച്ചു. നക്ഷത്രങ്ങളിൽ നായകൻ ഇത്തവണ ‘ട്രീ സ്റ്റാറാ’ണ്. പൈൻ മരത്തിന്റെ ഇലയാകൃതിയിലുള്ള എൽഇഡി സ്റ്റാർ. ക്രിസ്മസ് ട്രീ തന്നെ സ്റ്റാറിനകത്തെത്തി. പുൽക്കൂടിന്റെ രൂപം നടുവിൽ കൊത്തിയ സ്റ്റാറുകളും ഒരുങ്ങിയിട്ടുണ്ട്. ആകൃതിയിലെ പുതുമയാണ് ഇത്തവണത്തെ നക്ഷത്രങ്ങളുടെ പ്രത്യേകത. എൽഇഡിയുടെ നിറവൈവിധ്യത്താൽ പൂക്കളംപോലെ തോന്നിപ്പിക്കുന്ന നക്ഷത്രങ്ങൾ.
നക്ഷത്രക്കാലുകളുടെ അറ്റത്തു കുഞ്ഞുനക്ഷത്രവും ബൾബും കാണാം. നക്ഷത്രത്തിനുള്ളിൽ പൂക്കളുടെയും ഇലകളുടെ രൂപം. അതിനകത്തു കുഞ്ഞൻ എൽഇഡി വിളക്കുകളും. എൽഇഡി സ്റ്റാറുകളോടു മത്സരിക്കാൻ പുത്തൻ കടലാസ് നക്ഷത്രങ്ങളും ഒരുങ്ങിയിട്ടുണ്ട്. രൂപത്തിൽ വലിയ മാറ്റമില്ലന്നേയുള്ളൂ. ഗ്ലാസ് പേപ്പറിലും ഗ്ലിറ്ററിങ് പേപ്പറിലും തിളങ്ങി അവ ആകർഷകമാകുന്നു. കഴിഞ്ഞ തവണ കൂടുതലും എൽഇഡി സ്റ്റാറുകളാണ് ആളുകൾ വാങ്ങിയത്. ഇത്തവണ രണ്ടിനും ഒരുപോലെ ആവശ്യക്കാരുണ്ടെന്നു കച്ചവടം നടത്തുന്ന നിഹറുനീസ പറഞ്ഞു. 150 രൂപ മുതൽ 1500 വരെയാണ് എൽഇഡി സ്റ്റാറുകൾക്കു വില. 20 രൂപ മുതൽ 500 രൂപ വരെ പോകുന്നു കടലാസ് നക്ഷത്രങ്ങളുടെ വില.