കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധന ശക്തം

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തി വിടുന്നത്. എല്ലാ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വാഹന പരിശോധനയ്ക്കൊപ്പം വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവയും ചെക്പോസ്റ്റിൽ രേഖപ്പെടുത്തുന്നു.7 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം 3 ഷിഫ്റ്റുകളിലായാണു 24 മണിക്കൂറും പരിശോധന നടത്തുന്നത്. സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂം പ്രവർത്തനവും ആരംഭിച്ചു.
മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലാണു കൺട്രോൾ റൂം. കൺട്രോൾ റൂമിനു കീഴിൽ മട്ടന്നൂർ, ഇരട്ടി,പേരാവൂർ റേഞ്ച് ഓഫിസുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പട്രോളിങ് സംഘവും ഉണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് അതിർത്തിയിൽ കേരള കർണാടക എക്സൈസ് സേനകളുടെ സംയുക്ത പരിശോധനയും ഉണ്ടാകും.