Connect with us

IRITTY

വരൂ, കാണാം… ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ അകംതുരുത്തിനെ

Published

on

Share our post

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ ഒന്നൊന്നായി പ്രയോജനപ്പെടുത്താൻ തുടക്കംകുറിച്ചതോടെ അകം തുരുത്ത് ദ്വീപും പ്രതീക്ഷയിൽ. കൈയേറ്റമില്ലാത പച്ചത്തുരുത്തായി തലയുയർത്തി നിൽക്കുന്ന ഈ ദ്വീപ്‌ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അനാഥമായിക്കിടക്കുന്ന തുരുത്തിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.

വേനക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരത്ത് പ്രകൃതിദത്തമായ പച്ചപ്പിന്റെ ശീതളച്ഛായയാണ് പകർന്നുനൽകുന്നത്. ഇരിട്ടി നഗരത്തിൽനിന്ന്‌ രണ്ടുകിലോമീറ്റർ അകലെ ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിൽ വള്ളിയാടിനും ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുവംപറമ്പിനും ഇടയിൽ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരത്ത്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്ത 15 ഏക്കറോളം വരുന്ന ഭൂമി ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷികളുടെയും ആയിരക്കണക്കിന് വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ്. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാർക്കും പടിയൂർ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാർഥ്യമായതോടെ അകംതുരുത്ത് ദ്വീപിന് വലിയ സാധ്യതയാണ് കൈവന്നിരിക്കുന്നത്.

നൂറുകണക്കിന് തെങ്ങിൻതോപ്പുകളുള്ള പ്രദേശം പത്തുവർഷം മുൻപുവരെ പഴശ്ശി ജലസേചന വിഭാഗത്തിന് നല്ലൊരു വരുമാനമേഖലകൂടിയായിരുന്നു. ആരും ശ്രദ്ധിക്കാതായതോടെ തെങ്ങുകളെല്ലാം നശിച്ചു. കൂറ്റൻ മരങ്ങൾ ഇടതൂർന്ന് നില്ക്കുന്ന പ്രദേശം പക്ഷി-ജന്തുജീവജാലങ്ങൾക്കും സുരക്ഷിത താവളമാണ്.

നടക്കാതെ പോയ ടൂറിസം സാധ്യതകൾ

കെ.പി. നൂറുദ്ദീൻ വനം മന്ത്രിയായിരുന്നപ്പോൾ ഇവിടെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിന്‌ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം.എൽ.എ. ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിത കേരള മിഷനും നടത്തിയെങ്കിലും പച്ചതൊട്ടിട്ടില്ല. പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനത് രീതിയിൽ പരിചയപ്പെടുത്താനുള്ള പദ്ധതിയാണ് ഉണ്ടാകേണ്ടത്. ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും വടവൃക്ഷങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ചുക്കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിലേക്ക് നടപ്പാലവും നടവഴിയും ഒരുക്കി പ്രകൃതിനിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചയ്ക്കുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!