പാർക്ക് ചെയ്യാൻ പഠിക്കൂ’ പരിവാഹനിൽ പൗരശബ്ദം; സിറ്റിസൺ സെന്റിനൽ ആപ്പിൽ ലഭിച്ചത് 4098 പരാതി

വാഹനമോടിക്കുന്നവരോട് കൂടുതൽ മലയാളികളും പറയുന്നത് ഇങ്ങനെ. ഗതാഗതനിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിലെത്തിക്കാൻ തയ്യാറാക്കിയ ‘സിറ്റിസൺ സെന്റിനൽ’ സംവിധാനത്തിൽ ഡിസംബർ ഒന്നുവരെ ലഭിച്ചത് 4098 പരാതി. ഒക്‌ടോബർ 18ന് ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇതിൽ 75 ശതമാനം(3073) പരാതികളും പാർക്കിങ്ങിനെക്കുറിച്ചാണ്. ഹെൽമെറ്റില്ലാത്ത ഇരുചക്രവാഹന യാത്രയാണ് രണ്ടാമത്. ലൈൻ ട്രാഫിക് ലംഘനം, അശ്രദ്ധമായ ഡ്രൈവിങ്, ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിക്കൽ, ഡ്രൈവിങിനിടയിൽ ഫോൺ ഉപയോഗം തുടങ്ങിയ പരാതികളുമുണ്ട്.
1942 പരാതിയിൽ പിഴ ചുമത്തുന്നതിന് ഇ–ചെലാൻ അയച്ചു. 2156 പരാതി റദ്ദാക്കി
എറണാകുളം ജില്ലയിലാണ് കൂടുതൽ പരാതി. 824. കൂടുതൽ പിഴ തിരുവനന്തപുരത്താണ്. 538. എറ്റവും കുറവ് പരാതി കാസർകോട്ടാണ്.- 67മാത്രം. 14 ജില്ലകളിലെയും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളാണിവ. സ്വന്തം വാഹനങ്ങളുടെ ചിത്രം പകർത്തി ആപ്പ് പരീക്ഷിച്ചവരുമുണ്ടെന്ന് അധികൃതർ പറയുന്നു. നിയമലംഘനങ്ങളും വാഹനനമ്പറും വ്യക്തമാകുന്ന രീതിയിൽ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌താൽ നടപടി എളുപ്പമാകും.
പടമിടാം പാഠം പഠിപ്പിക്കാം
ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമാകുന്ന എംപരിവാഹൻ ആപ്പിന്റെ ഭാഗമാണ് സിറ്റിസൺ സെന്റിനൽ സംവിധാനം. നിയമലംഘനങ്ങൾ വ്യക്തികൾക്ക് മൊബൈൽ ഫോണിൽ ഫോട്ടോ ആയോ വീഡിയോ ആയോ പകർത്തി സിറ്റിസൺ സെന്റിനൽ ആപ്പിലൂടെ പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. ആപ്പിലൂടെ പരാതികൾ ലഭിച്ചാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് അരമണിക്കൂറിനകം വാഹന ഉടമയ്‌ക്ക് പിഴ അടയ്‌ക്കാൻ നോട്ടീസ് ലഭിക്കും.