ഉറുമ്പുകളിലുമുണ്ട്‌ ശസ്ത്രക്രിയ വിദഗ്‌ധർ

Share our post

കഠിനാധ്വാനം, സാമൂഹിക ഏകോപനം, മിതവ്യയം എന്നിവയ്ക്ക് പേരുകേട്ടവയാണ് ഉറുമ്പുകൾ. സമീപകാല ഗവേഷണങ്ങൾ അതിശയകരവും സങ്കീർണവുമായ ഉറുമ്പുകളുടെ മറ്റൊരു സ്വഭാവ സവിശേഷത കൂടി കണ്ടെത്തിയിരിക്കുന്നു. ഏറ്റവും പുതിയ പഠനത്തിൽ ഉറുമ്പുകൾ, തങ്ങളുടെ സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കാനായി കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയവരെ (ആംപ്യൂട്ടേഷൻ സർജറി) നടത്തുന്നുവെന്ന്‌ കണ്ടെത്തി!

ഉറുമ്പുകൾക്ക് പരിക്കേൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയാ ചികിത്സകൾ നടത്തുന്നത്. പെൺ ഉറുമ്പുകൾക്കാണ് ശസ്ത്രക്രിയയുടെ ചുമതല. ഫ്ലോറിഡ കാർപ്പെന്റർ എന്ന ഇനം ഉറുമ്പുകളാണ് പരിക്കേറ്റ കൂട്ടാളികളെ പരിപാലിക്കുന്നതിനായി മുറിവ് വൃത്തിയാക്കൽ, അവയവം മുറിച്ചുമാറ്റൽ എന്നിവയുൾപ്പെടെ ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തിയത്. 6 കാലുകളുള്ള ഉറുമ്പുകൾ ഒന്ന് നഷ്‌ടപ്പെട്ടതിനുശേഷവും ഇതുവഴി പൂർണമായും കർമനിരതരാകുന്നു.

എറിക് ഫ്രാങ്കിന്റെ പഠനം

ജർമനിയിലെ വേഴ്‌സ്‌ബർഗ് സർവകലാശാലയിലെ പ്രാണീപഠന വിദഗ്ധൻ എറിക് ഫ്രാങ്ക് നടത്തിയ പഠനത്തിലാണ് കൗതുകകരമായ കണ്ടെത്തലുള്ളത്‌. കറന്റ് ബയോളജി ജേർണലിൽ ഈ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചു. തുടയെല്ലിലെ പരിക്കേറ്റ്‌ ശസ്ത്രക്രിയക്ക്‌ വിധേയമായി കാൽ മുറിച്ചുമാറ്റപ്പെടുന്ന ഉറുമ്പുകൾ 90 മുതൽ 95 ശതമാനംവരെ അതിജീവിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. പരിക്കേറ്റ കാലുകളോടെ ജീവിക്കുന്ന ഉറുമ്പുകളിൽ വായിലെ സ്രവം ഉപയോഗിച്ചുള്ള ചികിത്സകൾക്ക് വിധേയരാകുന്ന ഉറുമ്പുകൾ 75 ശതമാനം അതിജീവിക്കുന്നതായും അദ്ദേഹം പറയുന്നു. അതേസമയം ചികിത്സിക്കാത്ത, അണുബാധയേൽക്കുന്ന മുറിവുകളോടെ ജീവിക്കുന്ന ഉറുമ്പുകളുടെ അതിജീവന നിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ വ്യക്തമായി.

കാലിന്റെ മുകൾഭാഗം, തുടയെല്ല്, ടിബിയ എന്നീ ഭാഗങ്ങളിലെ പരിക്കുകളാണ് ഗവേഷകർ പരിശോധിച്ചത്. ഉറുമ്പുകൾക്കിടയിൽ വീടുകൾ കൈയടക്കാനും തീറ്റക്കുമായുള്ള സംഘർഷങ്ങളിലാണ് ഈ വിധമുള്ള പരിക്കുണ്ടാവുന്നത്. ഒരു പ്രാണി ജീവൻ രക്ഷിക്കാൻ സഹജീവിയുടെ കാൽ മുറിച്ചുമാറ്റുന്നത് ആദ്യമായാണ് ശ്രദ്ധയിൽപ്പെടുന്നത്. പരീക്ഷണം നിരവധി തവണ ആവർത്തിച്ചശേഷമാണ് സ്ഥിരീകരിച്ചതെന്നും ഫ്രാങ്ക് പറയുന്നു.

മുറിവുകളിലൂടെയുള്ള അണുബാധ തടയാൻ മിക്ക ഉറുമ്പുകൾക്കും മെറ്റാപ്ലൂറൽ ഗ്രന്ഥികളുണ്ട്. അവ ആന്റിമൈക്രോബയൽ സംയുക്തങ്ങൾ സ്രവിക്കുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ ഫ്ലോറിഡ കാർപ്പെന്റർ ഉറുമ്പിന് പരിണാമകാലത്ത് ആ ഗ്രന്ഥി നഷ്ടപ്പെട്ടു. 2023ൽ, മറ്റൊരു ഉറുമ്പ് ഇനമായ മെഗാപോനെറ അനാലിസ് അവയുടെ പരിക്കുകൾ ചികിത്സിക്കാൻ ഒരു പ്രത്യേക ഗ്രന്ഥിയിൽനിന്നുള്ള ആന്റിമൈക്രോബിയൽ സംയുക്തങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഫ്ലോറിഡ കാർപ്പെന്റർ ഉറുമ്പുകൾക്ക് ഈ ഗ്രന്ഥി ഇല്ലാതെ എങ്ങനെ സ്വയം പ്രതിരോധിക്കുന്നുവെന്ന് കണ്ടുപിടിക്കാനായാണ് ഫ്രാങ്ക്‌ പരീക്ഷണം നടത്തിയത്‌.

സവിശേഷതകൾ ഏറെ

മനുഷ്യർക്ക് മാത്രമാണ് കൃത്യമായ ചികിത്സാ സംവിധാനമുള്ളതെന്നായിരുന്നു പൊതുധാരണ. ആമസോൺ വനങ്ങളിലെ ഒരു ചിമ്പാൻസി തന്റെ മുറിവുണക്കാൻ പ്രത്യേക മരത്തിൽനിന്നുള്ള നീര് മരുന്നായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ ധാരണയ്ക്ക് മാറ്റം വന്നത്. മനുഷ്യരെക്കാൾ മുമ്പ്‌ ‘കൃഷി ചെയ്യാ’ൻ തുടങ്ങിയവരാണ് ഉറുമ്പുകൾ.

തീറ്റക്കായി പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. അവരുടെ കൃഷി സംസ്കാരം ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ​സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ​ഗവേഷകർ കണ്ടെത്തിയിരുന്നു. 276 ഇനം ഉറുമ്പുകളുടെയും 475 പൂപ്പൽ ഇനങ്ങളുടെയും ജനിതക വിശകലനത്തിലൂടെയാണ് ​ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ ആശ്രയിച്ചു സഞ്ചരിക്കുന്ന ജീവികളിൽ പ്രധാനി ആണ് കാറ്റാഗ്ലിഫിസ് ഉറുമ്പുകൾ. എന്തായാലും ഉറുമ്പുകളുടെ സവിശേഷതകളെ പറ്റിയുള്ള ഗവേഷണങ്ങൾ തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!