മഴവില്ലഴകിൽ കാൽപ്പന്തിന്റെ ആവേശം നിറച്ച് എം.എൽ.എ കപ്പ്

Share our post

അഴീക്കോട്: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ ഫുട്‌ബോൾ ഫെസ്റ്റിന്റെ ഫൈനൽ റൗണ്ടിൽ എം.എൽ.എ കപ്പിനായുള്ള ആവേശകരമായ പോരാട്ടം പള്ളിക്കുന്നിലെ കിയോ ടർഫിൽ അരങ്ങേറി. എട്ട് മുതൽ 12ാം തരം വരെയുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഇ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പാപ്പിനിശ്ശേരി ജേതാക്കളായി എം.എൽ.എ കപ്പ് സ്വന്തമാക്കി. ഇതിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പും ആൺകുട്ടികളുടെ വിഭാഗത്തിൽ സി.എച്ച്എം.കെ.എസ് വളപട്ടണവും റണ്ണേഴ്‌സായി.
എൽപി വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്‌കൂൾ ജേതാക്കളായി എം.എൽ.എ കപ്പ് നേടി. നാറാത്ത് മാപ്പിള എൽപി സ്‌കൂളാണ് റണ്ണേഴ്‌സ്. എൽ.പി വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എം.എൽ.പി.എസ് മാങ്കടവാണ് ജേതാക്കളായി എം.എൽ.എ കപ്പ് നേടിയത്. തളാപ്പ് ഇസ്സത്തുൽ ഇസ്‌ലാം എൽ.പി സ്‌കൂളാണ് റണ്ണേഴ്‌സ്.
യുപി വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ അഴീക്കോട് എച്ച്എസ്എസ് ജേതാക്കളായി എം.എൽ.എ കപ്പ് നേടി. ചെങ്ങിനിപ്പടി യു.പി സ്‌കൂളാണ് റണ്ണേഴ്‌സ്. യു.പി വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ രാമജയം യുപി സ്‌കൂൾ എം.എൽ.എ കപ്പ് നേടി. പുഴാതി നോർത്ത് യു.പി സ്‌കൂളാണ് റണ്ണേഴ്‌സ്.
ടർഫിന്റെ വലകളെ കുലുക്കിയ ഷോട്ടുകളും പാസുകളും കുട്ടികളുടെ ഫുട്‌ബോൾ പ്രിയത്തിന്റെ സാക്ഷ്യമായി. പെൺകുട്ടികൾക്കായി ഫുട്ബാൾ മൈതാനങ്ങളുടെ പുതിയ അവസരങ്ങൾ തുറന്നുനൽകാനും ടൂർണമെൻറിനായി.
രാവിലെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെവി സുമേഷ് എം.എൽ.എ അധ്യക്ഷനായി. വൈകീട്ട് സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി ജേതാക്കൾക്കും സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള റണ്ണേഴ്‌സിനും ട്രോഫികൾ സമ്മാനിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അനിൽകുമാർ, വാർഡ് കൗൺസിലർ എ കുഞ്ഞമ്പു, അഴീക്കോട് ഗ്രാമപഞ്ചായത്തംഗം വിനോദ്, വളപട്ടണം ഗ്രാമപഞ്ചായത്തംഗം പ്രജിത്ത്, കെപി ജയബാലൻ എന്നിവർ സംസാരിച്ചു.
സിറാജുദ്ദീൻ, സനൽകുമാർ, അരുൺ എന്നിവർ മത്സരം നിയന്ത്രിച്ചു. വ്യക്തിഗത ചാമ്പ്യന്മാർക്ക് മെമന്റോയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി. നൂറിലധികം ടീമുകളാണ് പഞ്ചായത്ത് തല ഫുട്‌ബോൾ ഫെസ്റ്റിൽ പങ്കെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!