1970-കളിൽ സ്കൂട്ടറോടിച്ച് പോയപ്പോൾ കൂക്കി വിളിച്ചു; പുഷ്പ ലത എന്ന കൊച്ചിയുടെ ‘സ്കൂട്ടറമ്മ’

കൊച്ചി: കൊച്ചിയുടെ നിരത്തിലൂടെ 1970-കളിൽ സ്കൂട്ടറോടിച്ച് പോകുമ്പോൾ എസ്.ആർ.വി. സ്കൂളിലെ കുട്ടികൾ പുഷ്പലതയെ കൂക്കിവിളിച്ചിട്ടുണ്ട്. അന്നൊക്കെ സ്കൂട്ടറോടിക്കുന്ന വനിത കൊച്ചിക്ക് അദ്ഭുതമായിരുന്നു. പുഷ്പലതയ്ക്ക് വയസ്സ് 75 കഴിഞ്ഞു.2022 വരെ പുഷ്പലത സ്കൂട്ടറിൽ നഗരം ചുറ്റിയിരുന്നു. ആറുമാസം മുൻപുവരെ കാറിലും നഗരം കറങ്ങി. കൊച്ചി നഗരത്തിൽ ഇന്നുള്ള ഗതാഗത കുരുക്കും അപകടകരമായ പുത്തൻ ഡ്രൈവിങ് രീതികളെയും പേടിച്ച് മക്കൾ പുഷ്പലതയ്ക്ക് ‘ഡ്രൈവിങ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് .മംഗളൂരു സ്വദേശിനിയായ പുഷ്പലത പൈ വിവാഹശേഷമാണ് കൊച്ചിയിലെത്തുന്നത്. 11 മക്കളിൽ ഒൻപതാമത്തെ മകളാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ പുഷ്പലതയ്ക്ക് ഡ്രൈവിങ്ങിൽ താത്പര്യം ഉണ്ടായിരുന്നു. സഹോദരന്റെ ഡ്രൈവിങ് സ്കൂൾ ആയിരുന്നു പ്രചോദനം.മംഗളൂരുവിൽ നിന്നും 1966-ൽ ഫോർവീലർ ലൈസൻസ് എടുത്തു. എന്നാൽ ടു-വീലർ ഓടി ക്കാനുള്ള അനുവാദം വീട്ടിൽനിന്ന് കിട്ടിയില്ല.
വിവാഹശേഷമാണ് സ്കൂട്ടർ ഓടിക്കാൻ അവസരം ലഭിച്ചത്. ഭർത്താവ് ശാന്താറാം പൈയുടെ ലാംബ്രട്ടയിലായിരുന്നു തുടക്കം. സ്കൂട്ടർ ഓടിക്കാൻ പുഷ്പലത പഠിച്ചു.എഴുപതുകളിൽത്തന്നെ ലൈസൻസും എടുത്തു. അങ്ങനെ കൊച്ചിയുടെ നിരത്തുകളിൽ സ്കൂട്ടറിൽ കറങ്ങി. 1969 മോഡൽ വെസ്പയായിരുന്നു ആദ്യം സ്വന്തമാക്കിയത്. മൂന്നു വർഷം കൂടുമ്പോൾ പുതിയത് വാങ്ങും. ഇതിനിടയിൽ കൊച്ചിയിലെ നിരവധി വനിതകളെ ഡ്രൈവിങ് പഠിപ്പിച്ചു.വണ്ടി ഓടിക്കുക മാത്രമല്ല, ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനുമൊക്കെ പുഷ്പലതയ്ക്ക് അറിയാം. കൊച്ചി നഗരത്തിലൂടെ സ്കൂട്ടറുമായി വിസ്മയം സൃഷ്ടിച്ച വനിതയ്ക്ക് കൊച്ചിക്കാർ ‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേരും നൽകി. മക്കളായ സതീഷ് ചന്ദ്ര പൈയും ഐശ്വര്യ പൈയും അമേരിക്കയിൽ ഡോക്ടർമാരാണ്. ഡ്രൈവിങ് മിസ് ചെയ്യുന്നുണ്ട്. 2028 വരെയുള്ള ഡ്രൈവിങ് ലൈസൻസും കൈയിലുണ്ട് – പുഷ്പലത പറയുന്നു.