പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലെത്തി

Share our post

കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ബാവയെ സര്‍ക്കാരിന്റെ പ്രതിനിധികളും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ഇനി അടുത്ത പത്ത് ദിവസം അദ്ദേഹം സര്‍ക്കാരിന്റെ അതിഥിയായിരിക്കും.

വിമാനത്താവളത്തില്‍നിന്ന്‌ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്കെത്തുന്ന പാത്രിയര്‍ക്കീസ് ബാവ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന നടത്തും. ഞായറാഴ്ച മലേക്കുരിശ് ദയറായില്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 4-ന് പാത്രിയര്‍ക്കാ സെന്ററിലെ കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. തിങ്കളാഴ്ച രാവിലെ 8.30-ന് പാത്രിയര്‍ക്കാ സെന്ററിലെ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ ബാവയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ ചെലവഴിച്ച ശേഷം 17-ന് നെടുമ്പാശ്ശേരിയില്‍നിന്ന് ലബനോനിലേക്ക് മടങ്ങും.

ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!