മാലിന്യം വലിച്ചെറിയരുത്; കെ.എസ്.ആർ.ടി.സി ബസുകളിൽ വേസ്റ്റ് ബിന്നുകൾ

Share our post

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കാൻ തീരുമാനം. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നത യോഗത്തിലാണ് തീരുമാനമെടുത്തത് എന്നും ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയെ മാലിന്യമുക്തമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും പ്രയോജനപ്പെടുത്തും. ക്യാമ്പയിന് കെഎസ്ആർടിസിയിൽ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി കുറിച്ചു.തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇടിപികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുമെന്നും മൊബൈൽ ഇടിപിയുടെ ലഭ്യതയും തേടുമെന്നും മന്ത്രി വ്യക്തമാക്കി.

വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യത തേടാനും നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡിപ്പോകളിലെ ടോയ്ലറ്റ് സംവിധാനങ്ങളുടെ നിലവിലുള്ള സ്ഥിതിയും യോഗം വിശദമായി ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി യെ മാലിന്യമുക്തമാക്കാൻ ഓരോരുത്തർക്കും കൈകോർക്കാമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി എം.ബി രാജേഷിന്റെ പോസ്റ്റ്

സംസ്ഥാനത്തെ എല്ലാ കെ എസ് ആർ ടി സി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നതയോഗത്തിലാണ് തീരുമാനമെടുത്തത്. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആർ ടി സി യെ മാലിന്യമുക്തമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും പ്രയോജനപ്പെടുത്തും. ക്യാമ്പയിന് കെഎസ്ആർടിസിയിൽ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇടിപികൾ (എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇടിപിയുടെ ലഭ്യതയും തേടും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യത തേടാനും നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡിപ്പോകളിലെ ടോയ്ലറ്റ് സംവിധാനങ്ങളുടെ നിലവിലുള്ള സ്ഥിതിയും യോഗം വിശദമായി ചർച്ച ചെയ്തു. കെഎസ്ആർടിസി നിർദേശിക്കുന്ന യോജ്യമായ സ്ഥലത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചുനൽകും. കെഎസ്ആർടിസി ഡിപ്പോകളിൽ ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ അണ്ടർഗ്രൌണ്ട് എസ്ടിപികളും മൊബൈൽ എസ്ടിപികളും ലഭ്യമാക്കും. ഇതോടൊപ്പം കെഎസ്ആർടിസി യിൽ ഉത്പാദിപ്പിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എംസിഎഫുകൾ, ആർആർഎഫുകൾ, ആർഡിഎഫ് പ്ലാന്റ്, തുമ്പൂർമൊഴി തുടങ്ങിയ സാധ്യതകളും പ്രത്യേകമായി പരിശോധിച്ച്, സാധ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം മാലിന്യവും നീക്കം ചെയ്യുന്നുവെന്ന് ക്ലീൻ കേരളാ കമ്പനി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സി ഡിപ്പോകൾക്ക് മാലിന്യ സംസ്കരണ സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിംഗ് നൽകും. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 69 ഇടത്ത് കെ എസ് ആർ ടി സി യും ശുചിത്വമിഷനും ചേർന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. ബാക്കി ഡിപ്പോകളിലും പഠനം ഉടൻ പൂർത്തിയാക്കും. ഡിസംബർ 20നകം ഓരോ ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ കെ എസ് ആർ ടി സിയെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. യോഗത്തിൽ നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ, എൽഎസ്ജിഡി സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കെഎസ്ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടർ ദിവ്യാ എസ് അയ്യർ, കെഎസ്ആർടിസി സി.എം.ഡി പി.എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.നമ്മുടെ കെ.എസ്.ആർ.ടി.സിയെ മാലിന്യമുക്തമാക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!