വീട്ടില്‍ കിട്ടില്ല, ആശ്വാസമായിരുന്നു സ്‌കൂൾ ഭക്ഷണം, പഞ്ചായത്ത് പ്രസിഡന്റിന് ആറാംക്ലാസുകാരിയുടെ കത്ത്

വെള്ളിയാമറ്റം (ഇടുക്കി): ‘ഞങ്ങൾക്ക് രാവിലെ വീട്ടിൽനിന്ന് ഭക്ഷണം കിട്ടാറില്ല. സ്‌കൂളിൽനിന്ന് ഭക്ഷണം ലഭിക്കുന്നത് ഏറെ ആശ്വാസമായിരുന്നു’. ആറാംക്ലാസിൽ പഠിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർഥിനി പഞ്ചായത്ത് പ്രസിഡന്റിന് എഴുതിയ കത്തിലെ നോവിക്കുന്ന വരികളാണ് ഇത്.പൂമാല ട്രൈബൽ സ്‌കൂളിലെ എൽ.പി., യു.പി. വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആറുമാസമായി പ്രഭാതഭക്ഷണം കിട്ടാത്തത്. അതിന്റെ പ്രയാസം മുഴുവനും കുട്ടിയുടെ കത്തിലുണ്ടായിരുന്നു. സ്‌കൂളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കൂടുതലും. ഇവർക്ക് പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് വർഷങ്ങളായി ’അമൃതം’ എന്ന പേരിൽ പ്രഭാതഭക്ഷണം നൽകുന്നുണ്ടായിരുന്നു. ഏഴാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പദ്ധതിയുടെ ഗുണം കിട്ടുന്നത്. എന്നാൽ, ജൂൺ മുതൽ ഇത് മുടങ്ങി. 108 ആദിവാസിക്കുട്ടികൾ ദുരിതത്തിലായി.
കുട്ടികൾ നിർധനകുടുംബത്തിൽനിന്നുള്ളവരാണ്. വളരെ ദൂരെയുള്ള ആദിവാസി ഗ്രാമങ്ങളിൽനിന്നും മറ്റും കാൽനടയായി എത്തുന്നവരാണ് പലരും. ചിലർ ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലേക്കുവരുന്നത്. സ്‌കൂളിൽനിന്ന് കിട്ടുന്ന പ്രഭാതഭക്ഷണം ഇവർക്ക് ആശ്വാസമായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.സങ്കടം സഹിക്കാൻ വയ്യാതെയാണ് പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിക്ക് കുട്ടി കത്തെഴുതിയത്. പട്ടികവർഗ വിദ്യാർഥികളുടെ പ്രഭാതഭക്ഷണം മുടങ്ങിയത് പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിന് തനത് ഫണ്ടില്ല. സർക്കാർ ഫണ്ട് കിട്ടുന്നില്ല. അത് കിട്ടിയാലേ പദ്ധതി പുനരാരംഭിക്കാൻ കഴിയൂ. സംഭവം മനുഷ്യാവകാശ കമ്മിഷന്റെയും ബാലാവകാശ കമ്മിഷന്റെയും ശ്രദ്ധയിൽകൊണ്ടുവരുമെന്നും പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി പറഞ്ഞു.വെള്ളിയാമറ്റത്തെ ഗോത്രവർഗമേഖലകളിൽ പ്രധാനമായും നാല് സ്‌കൂളുകളാണ് ഉള്ളത്. പൂച്ചപ്ര, നാളിയാനി, കരിപ്പിലങ്ങാട് എന്നിവിങ്ങളിലാണ് മറ്റ് സ്‌കൂളുകൾ. എല്ലായിടത്തുംകൂടി പദ്ധതിയുടെ ഗുണഭോക്താക്കളായ 200 ആദിവാസിവിദ്യാർഥികളുണ്ട്. പൂമാല ഒഴികയുള്ള സ്‌കൂളുകളിൽ പി.ടി.എ.യുടെ സഹകരണത്തോടെ പദ്ധതി മുന്നോട്ടുപോകുന്നു.