പേരാവൂർ ബ്ലോക്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ ആനുകൂല്യങ്ങൾ; മെഗാ ക്യാമ്പ് 15 മുതൽ 30 വരെ

പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീ ചാർജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കുളം നിർമാണം എന്നിവക്ക് അപേക്ഷ സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ‘ഒരു പഞ്ചായത്തിൽ ഒരു ദിന മെഗാ ക്യാമ്പ് ‘ സംഘടിപ്പിക്കുന്നു. അതാത് പഞ്ചായത്ത് ഹാളുകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ് നടക്കുക.
പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്ന സേവനങ്ങൾ അറിയിക്കാനും സേവനം ലഭിക്കുന്നതിനായി അപേക്ഷകൾ സ്വീകരിക്കാനുമാണ് ഡിസംബർ 15 മുതൽ 30 വരെയുള്ള നിശ്ചിത ദിവസങ്ങളിൽ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ എസ്. സി /എസ്. ടി /ബി.പി.എൽ / ലൈഫ് ഗുണഭോക്താവ് എന്നിവർക്ക് ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളായ തൊഴുത്ത്, തീറ്റപ്പുൽ-അസോളാ കൃഷി, ആട്ടിൻ കൂട്, കോഴിക്കൂട്, കിണർ, കക്കൂസ് നിർമാണങ്ങൾക്കുള്ള അപേക്ഷയും സ്വീകരിക്കും.
ഡിസംബർ 16ന് കണിച്ചാർ, 17ന് കോളയാട്, 18ന് കൊട്ടിയൂർ, 19ന് കേളകം, 20ന് പേരാവൂർ, 23ന് മാലൂർ, 24ന് മുഴക്കുന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. ആവശ്യമായ രേഖകൾ :എം.ജി. എൻ.ആർ.ഇ.ജി തൊഴിൽ കാർഡ്, തൻ വർഷത്തെ ഭൂ നികുതി , വീട്ടു നികുതി രസീത് കോപ്പി , റേഷൻ കാർഡ് കോപ്പി.