തീർത്ഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി

Share our post

ശബരിമല: സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്കും സന്നിധാനത്ത് ജോലിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി. ആസ്പത്രിയിൽ ഇതുവരെ ചികിത്സതേടിയത് 23,208 പേർ.ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സ ലഭ്യമാക്കുന്ന നിലയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം പേർ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നുണ്ട്. ഒരേ സമയം പത്തു ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, പൾമനോളജിസ്റ്റ്, ഫിസിഷ്യൻ, ഓർത്തോ, അനസ്തീഷ്യ, ജനറൽ ഡോക്ടർമാരുടെ സേവനമുണ്ട്. 29 പാരാമെഡിക്കൽ ജീവനക്കാരാണ് ജോലിയിലുള്ളത്. ആറു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആറു കിടക്കകളുള്ള നിരീക്ഷണ വാർഡുമുണ്ട്. ചെറിയ ശസ്ത്രക്രിയകൾ നടത്താനുള്ള തിയറ്ററും സജ്ജമാണ്.

നഴ്‌സിന്റെ സേവനം ലഭ്യമാകുന്ന ആംബുലൻസും ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഹൃദയാഘാതമുണ്ടായാൽ ചികിത്സനൽകാനുള്ള സൗകര്യവും പാമ്പുകടിയേറ്റവർക്കു നൽകാനുള്ള ആന്റീവെനവും ആശുപത്രിയിലുണ്ട്. ഗുരുതരമായ ഹൃദയാഘാതമുണ്ടായാൽ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് അടക്കം എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആസ്പത്രിയിൽ സേവനത്തിന് ഏഴു നഴ്‌സിംഗ് ഓഫീസർമാരും അഞ്ചു നഴ്‌സിംഗ് അസിസ്റ്റന്റുമാരും അഞ്ചു ഫാർമസിസ്റ്റുകളും രണ്ടു ലാബ് ടെക്‌നീഷ്യൻമാരും ഏഴു ഹോസ്പിറ്റൽ അറ്റൻഡർമാരും ഫാർമസിസ്റ്റ് സ്‌റ്റോർ കീപ്പറുമുണ്ട്. ആരോഗ്യപരമായ ഏത് അടിയന്തരസാഹചര്യത്തെയും നേരിടാൻ ആശുപത്രി സജ്ജമാണെന്നും 24 മണിക്കൂറും സേവനം ലഭ്യമാണെന്നും മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കെ. സോമൻ പറഞ്ഞു. പനി, ശരീരവേദന, പേശികൾക്ക് വേദന എന്നീ അസുഖങ്ങൾക്ക് ചികിത്സതേടിയാണ് കൂടുതൽ പേർ എത്തുന്നത്. നീലിമലയിലും അപ്പാച്ചിമേടിലും കാർഡിയോളജി വിഭാഗം ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. നാലു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. പമ്പയിലും നിലയ്ക്കലിലും ചരൽമേടിലും ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!