ജപ്തിനോട്ടീസ് കണ്ട് ഞെട്ടി കുടുംബശ്രീ പ്രവര്‍ത്തകർ; ‘കോഴിയും കൂടും’ പദ്ധതിയുടെ പേരിൽ വായ്പാതട്ടിപ്പ്

പനമരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് നല്‍കിയ ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ വായ്പാത്തട്ടിപ്പ്. പദ്ധതിയില്‍ അംഗമായ വീട്ടമ്മയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. കൂളിവയല്‍ ‘അനഘ’ കുടുബശ്രീയംഗം തേമാംകുഴി ത്രേസ്യ വര്‍ക്കിക്കാണ് കനറാ ബാങ്കിന്റെ പനമരം ശാഖയില്‍നിന്ന് ജപ്തി നോട്ടീസ് വന്നത്.27,559 രൂപ കുടിശ്ശിക ഉണ്ടെന്നും നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിനടപടിയുമായി മുന്നോട്ടുപോവുമെന്നാണ് ത്രേസ്യക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ബാങ്കില്‍നിന്ന് യാതൊരുവായ്പയും എടുക്കാത്ത ത്രേസ്യക്ക് ജപ്തിനോട്ടീസ് എത്തിയതോടെ പദ്ധതിയിലെ ഗുണഭോക്താക്കളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശങ്കയിലായിരിക്കുകയാണ്.
പദ്ധതിയില്‍ അംഗമായവര്‍ക്ക് മുന്‍പ് ബാങ്കില്‍നിന്ന് വായ്പയുടെ പലിശയടയ്ക്കാന്‍ കടലാസെത്തിയിരുന്നു. ഇതോടെ 50-ഓളം വീട്ടമ്മമാര്‍ രണ്ടുതവണ പനമരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വിതരണംചെയ്ത ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ രേഖകള്‍ കൈക്കലാക്കി കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ 35,000 രൂപ വായ്പയെടുത്ത് കബളിപ്പിച്ചെന്നാരോപിച്ചാണ് വീട്ടമ്മമാര്‍ അന്ന് പനമരം പഞ്ചായത്ത് ഓഫീസില്‍ സമരവുമായെത്തിയത്. പദ്ധതിയില്‍ അംഗമായവരുടെ പേരില്‍ അനധികൃതമായി വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തെന്നാണ് ആരോപണം. വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍നിന്നും അറിയിപ്പ് ലഭിച്ചപ്പോഴാണ് ഇവര്‍ ഈ വിവരം അറിയുന്നത്.
പദ്ധതി കഴിഞ്ഞഭരണസമിതിയുടേത്
2018 ഒക്ടോബറിലാണ് പനമരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ‘കോഴിയും കൂടും’ പദ്ധതി നടപ്പിലാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കൂടും, കോഴികളും, തീറ്റയും, മരുന്നും നല്‍കുന്നതായിരുന്നു പദ്ധതി. ഇതിനായി പനമരം പഞ്ചായത്ത് വനിതകളില്‍നിന്ന് അപേക്ഷയും ക്ഷണിച്ചു. ഉപഭേക്തൃ വിഹിതമായി ഓരോ ഗുണഭോക്താവില്‍നിന്നും 4,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്ന് കോഴിക്കൂടും കോഴികളും വിതരണം ചെയ്തു.
പദ്ധതി നടത്തിപ്പിനായി പനമരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ ഹോപ്‌കോയെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഹോപ്കോയിലെ ജീവനക്കാരന്‍ വനിതകളുടെ വീട്ടിലെത്തി പലതവണ ഫോട്ടോയെടുത്തുപോയി. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുമായി ബാങ്കിലേക്ക് പോവാന്‍ നിര്‍ദേശിച്ചു. വനിതകളില്‍നിന്ന് ബാങ്ക് അധികൃതര്‍ പലതരം പേപ്പറുകളില്‍ ഒപ്പിട്ടും വാങ്ങിയിരുന്നു. ഇതെല്ലാം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ‘കോഴിയും കൂടും’ തന്നതിനാണെന്നാണ് വീട്ടമ്മമാര്‍ക്ക് ലഭിച്ച മറുപടി.