ഇ-ചെലാൻ: തകരാർ പരിഹരിക്കാനായില്ല,അക്കൗണ്ടിൽ നിന്ന് പണംപോയവർക്ക് തിരിച്ചുനൽകും

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴത്തുക സ്വീകരിക്കുന്ന ഇ-ചെലാൻ വെബ്‌സൈറ്റിൻറെ സാങ്കേതികത്തകരാർ അഞ്ചുദിവസം കഴിയുമ്പോഴും പരിഹരിക്കാനായില്ല. പോലീസ്-മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഇ-പോസ് മെഷീനുകളിലൂടെ മാത്രമാണ് പിഴ സ്വീകരിക്കുന്നത്.അതേസമയം, പിഴയടയ്ക്കാൻ ശ്രമിച്ചവരുടെ തുക നഷ്ടമാകില്ലെന്ന് ട്രാൻസ്പോർട് കമ്മിഷണറേറ്റ് അറിയിച്ചു. വെബ്‌സൈറ്റിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) അധികൃതരുമായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം തിങ്കളാഴ്ച ചർച്ചനടത്തിയിരുന്നു. പിഴയടയ്ക്കാൻ ശ്രമിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് പണംപോയവരുടെ പണം തിരിച്ചുനൽകുമെന്ന് എൻ.ഐ.സി. ഉറപ്പുനൽകി.ചിലർക്ക് അക്കൗണ്ടിൽനിന്ന് പണംപോയില്ലെങ്കിലും ഇടപാട് പരാജയപ്പെട്ടതായി കാണിക്കുന്നില്ല. അതിനാൽ വീണ്ടും പിഴയടയ്ക്കാനാകാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് എൻ.ഐ.സി. നിർദേശംനൽകി. അടുത്തിടെ വാഹൻ സോഫ്റ്റ്‌വേറിനും തകരാർ സംഭവിച്ചിരുന്നു.