അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

തലശ്ശേരി: അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി. തലശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കെ.സി.മനോഹരൻ പരാതിക്കാരനായ യാത്രക്കാരനെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും എതിർകക്ഷികളാക്കി നൽകിയ ഹരജിയാണ് മുൻസീഫ് കോടതി തള്ളിയത്. പരാതിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ സത്യസന്ധമായ നിലയിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
2017ൽ ഡെക്കാൻ ക്രോണിക്കൽസിന്റെ കോഴിക്കോട് യൂനിറ്റ് റിപ്പോർട്ടർ ആയ കൊളശ്ശേരി സ്വദേശി ഹരിഗോവിന്ദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊളശ്ശേരി നിട്ടൂരിലേക്ക്ള് യാത്ര പോവാൻ ഓട്ടോറിക്ഷാ ഡ്രൈവർ കെ.സി.മനോഹരൻ നൂറ് രൂപ ആവശ്യപ്പെട്ടു. സാധാരണ 70 രൂപയാണ് നൽകാറെന്ന് പറഞ്ഞപ്പോൾ, ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ പോവാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയാണത്രെ ഉണ്ടായത്. ഇതിനെതിരെ ആർ.ടി.ഒ. വിന് പരാതി നൽകിയതിനാൽ മോട്ടോർ വാഹന വകുപ്പ് മനോഹരനെതിരെ നിയമ നടപടിയും സ്വീകരിച്ചിരുന്നു. മനോഹരന്റെ ലൈസൻസ് കസ്റ്റഡിയിൽ എടുക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് മനോഹരൻ തനിക്കെതിരെപരാതി നൽകിയ ഹരിഗോവിന്ദ്, എം.വി.ഐ. അനിൽകുമാർ എന്നിവർക്കെതിരെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻസീഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. എം.വി.ഐക്ക് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർമാരായ അഡ്വ. കെ.രൂപേഷ്, അഡ്വ. എ.രേഷ്മ എന്നിവരും ഹരിഗോവിന്ദിന് വേണ്ടി അഡ്വ.കെ.എം.പുരുഷോത്തമനും ഹാജരായി.