ആനപ്പന്തിപ്പാലം ചരിത്രമാകുന്നു; പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി

ഇരിട്ടി: 4 പതിറ്റാണ്ട് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയ ആനപ്പന്തിപ്പാലം ചരിത്രമാകുന്നു. റോഡിന്റെ വീതിയിൽ പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. കുടിയേറ്റം കഴിഞ്ഞു നാട് വികസനത്തിലേക്കു നീങ്ങുമ്പോൾ കൊണ്ടൂർ പുഴയിൽ പാലം ഇല്ലായിരുന്നു. ആനപ്പന്തിക്ക് അപ്പുറവും ഇപ്പുറവും താമസിക്കുന്നവർക്കു തൊട്ടടുത്ത പ്രദേശങ്ങളിലേക്കും പഞ്ചായത്തുകളിലേക്കും ഗതാഗതവും പ്രതിസന്ധിയിൽ ആയിരുന്നു.കെ.പി.നൂറുദ്ദീൻ എംഎൽഎ ആയിരുന്നപ്പോൾ 1982ൽ മരാമത്ത് പദ്ധതി പ്രകാരം നിർമിച്ച ബോക്സ് പാലം ആണു മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു പുതിയ പാലം പണിയുന്നത്. തറപ്പേൽ കടവിൽ വെമ്പുഴയിലും മുടയരിഞ്ഞി കോറയിൽ ചരൾ പുഴയിലുമായി3 പാലങ്ങളാണ് അന്നു നിർമിച്ചത്. നിലവിലുള്ള ആനപ്പന്തി കോൺക്രീറ്റ് പാലത്തിനു ബലക്ഷയം ഉണ്ടായിരുന്നില്ല. കാലപ്പഴക്കം കണക്കിലെടുത്താണു പാലം പുനർനിർമിക്കുന്നത്. പാലം പണി നടക്കുമ്പോൾ ഗതാഗതം പ്രതിസന്ധിയിലാകാതിരിക്കാൻ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്. 3 മാസത്തിനകം പാലം പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പണിയുന്നത് 3 പാലങ്ങൾ; ലക്ഷ്യം സംസ്ഥാനപാതാ നിലവാരം
മലയോര ഹൈവേയുടെ വള്ളിത്തോട് – മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് 83.17 കോടി രൂപ ചെലവിൽ വീതികൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളാണു കെആർഎഫ്ബി പുനർനിർമിക്കുന്നത്. പാലങ്ങളുടെ വീതി 12.5 മീറ്ററാണ്. 9 മീറ്റർ ടാറിങ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും. വെമ്പുഴ പാലത്തിന് 16 മീറ്ററും ആനപ്പന്തി പാലത്തിന് 20 മീറ്ററും ചേംതോട് പാലത്തിന് 13.5 മീറ്ററുമാണ് വീതി.
കഴിഞ്ഞ ജൂണിൽ 3 പാലങ്ങളും പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു ജനുവരിയിൽ എടൂർ വെമ്പുഴ പാലവും പിന്നീട് ചേംതോട് പാലവും പൊളിച്ച് പണി തുടങ്ങിയെങ്കിലും പ്രവൃത്തി നീണ്ടു. വെമ്പുഴ പാലം ഈ മാസം അവസാനത്തോടെയും ചേംതോട് പാലം ജനുവരി അവസാനത്തോടെയും ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് അറിയിച്ചു. മലയോര ഹൈവേയുടെ നിലവാരം സംസ്ഥാന പാതയ്ക്കു തുല്യമാണെങ്കിലും ആദ്യ ഘട്ടത്തിൽ പണി നടന്ന ഈ 25.3 കിലോമീറ്റർ ദൂരത്ത് 5.5 മീറ്റർ വീതിയിലും 6 മീറ്റർ വീതിയിലും ടാറിങ്ങാണു നിലവിൽ ഉള്ളത്.