കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് അഞ്ച് തെരുവുനായ്ക്കളെ പിടികൂടി

കണ്ണൂർ∙ യാത്രക്കാർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 5 തെരുവുനായ്ക്കളെ പിടികൂടി. ജില്ലാ പഞ്ചായത്ത്– കോർപറേഷൻ– മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിലുള്ള എ.ബി.സി പദ്ധതി പ്രകാരം നായ്ക്കളെ പടിയൂർ വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റി. ഒട്ടേറെ തെരുവുനായ്ക്കൾ ഇപ്പോഴും റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാക്കിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി വന്നവരെയും ട്രെയിനിൽ പോകാൻ എത്തിയവരെയും തെരുവുനായ കടിച്ചത്. പിന്നീട് ഈ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.പിന്നീട് സ്രവ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ റെയിൽവേ മോണിറ്ററിങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം തെരുവുനായയുടെ കടിയേറ്റ 15ലേറെ പേർക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ റെയിൽവേയിൽ നിന്നും നടപടിയുണ്ടായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടാൻ കോർപറേഷൻ ആളെ നിയോഗിച്ചിട്ടുണ്ട്.