നിഫ്റ്റിൽ ബിരുദ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ; ജനുവരി ആറുവരെ അപേക്ഷിക്കാം

Share our post

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ 2025-26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്രങ്ങൾ

ബെംഗളൂരു, ഭോപാൽ, ചെന്നൈ, ദാമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, കണ്ണൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, റായ്ബറേലി, പട്ന, പഞ്ച്കുല, ഷില്ലോങ്, കംഗ്റ, ജോദ്പുർ, ഭുവനേശ്വർ, ശ്രീനഗർ, വാരാണസി

പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത

ബിരുദതലത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.

ബി.ഡിസ് സവിശേഷ മേഖലകൾ: അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ഫാഷൻ ഇൻറീരിയേഴ്‌സ്, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ.

പ്ലസ് ടു/തത്തുല്യ പരീക്ഷ (ഏതു സ്ട്രീമിൽനിന്നുമാകാം), നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ചുവിഷയത്തോടെ), പത്താംക്ലാസിനുശേഷം, എ.ഐ.സി.ടി.ഇ./സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ ഡിപ്ലോമ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം.

ബി.എഫ്.ടെക് അപ്പാരൽ പ്രൊഡക്‌ഷൻ: മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല പരീക്ഷ, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്, ജയിച്ചവർ, പത്താംക്ലാസിനുശേഷം, എ.ഐ.സി.ടി.ഇ./സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ ജയിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

ലാറ്ററൽ എൻട്രി പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത exams.nta.ac.in/NIFT/ ലെ നിഫ്റ്റ് എൻട്രൻസ് എക്സാം 2025 ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 16-ൽ നൽകിയിട്ടുണ്ട്.

മാസ്റ്റേഴ്സ്

മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെൻറ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.). ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.ഇ./ബി.ടെക്. ബിരുദം, നിഫ്റ്റിൽനിന്ന്‌ ബി.എഫ്.ടെക്., നിഫ്റ്റ്/എൻ.ഐ.ഡി.യിൽനിന്ന്‌ കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിപ്ലോമ തുടങ്ങിയ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യത, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

പ്രവേശനപരീക്ഷ

യു.ജി./ലാറ്ററൽ എൻട്രി, മാസ്റ്റേഴ്സ് കോഴ്സുകളുടെ പ്രവേശനങ്ങളുടെ ഭാഗമായുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി ഒൻപതിന് നടത്തും. എറണാകുളം, കണ്ണൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

ബി.ഡിസ്. പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (സി.എ.ടി.), ജനറൽ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി.) എന്നിവയടങ്ങുന്ന പ്രവേശനപരീക്ഷയാണ്, ആദ്യഘട്ടം. ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും.

ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. ജനറൽ എബിലിറ്റി ടെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിത രീതിയിലും ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് പേപ്പർഅധിഷ്ഠിത രീതിയിലും നടത്തും. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് എൻട്രൻസ് പരീക്ഷ (സി.എ.ടി./ജി.എ.ടി./രണ്ടും) കൂടാതെ ഇൻറർവ്യൂവും ഉണ്ടാകും.

ബിരുദ, മാസ്റ്റേഴ്സ് പ്രവേശനപരീക്ഷകളുടെ വിശദമായ ഘടന പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.

അപേക്ഷ

അപേക്ഷ ജനുവരി ആറുവരെ exams.nta.ac.in/NIFT/ വഴി നൽകാം. nift.ac.in/admission വഴിയും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ 2024-25 ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് – ബാച്ച്‌ലർ/മാസ്റ്റേഴ്സ് തലത്തിലെ ഏതെങ്കിലും ഒരു പ്രോഗ്രാമിന് അപേക്ഷിക്കാൻ അപേക്ഷാഫീസ് 3000 രൂപ (പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 1500 രൂപ). ബാച്ച്‌ലർ/മാസ്റ്റേഴ്സ് തലത്തിലെ രണ്ട് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് യഥാക്രമം 4500 രൂപയും 2250 രൂപയുമാണ്‌.

സാധാരണ ഫീസിനൊപ്പം, ലേറ്റ് ഫീസ് 5000 രൂപയും നൽകി ജനുവരി ഏഴുമുതൽ ഒൻപതുവരെയും അപേക്ഷിക്കാം. അപേക്ഷ എഡിറ്റ് ചെയ്യാൻ 10 മുതൽ 12 വരെ സൗകര്യമുണ്ടാകും.

സ്റ്റേറ്റ് ഡൊമിസൈൽ സീറ്റ്

കണ്ണൂരിൽ ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ സ്റ്റേറ്റ് ഡൊമിസൈൽ വിഭാഗത്തിൽ സൂപ്പർ ന്യൂമററി സീറ്റുകളുണ്ട്. നിഫ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തുള്ള ഒരു സ്കൂളിൽ പ്ലസ്ടു കോഴ്‌സ് പൂർത്തിയാക്കിയവരെ ആ കേന്ദ്രത്തിലെ ഡൊമിസൈൽ വിഭാഗം സീറ്റിലേക്ക് പരിഗണിക്കും. കണ്ണൂരിലെ ഡൊമിസൈൽ വിഭാഗസീറ്റിന് കേരളത്തിൽ പ്ലസ്ടു കോഴ്സ് പൂത്തിയാക്കിയവർക്കാണ് അർഹത. ഓരോ പ്രോഗ്രാമിലും ഇവിടെ ഏഴുസീറ്റുകൾ വീതം ഈ വിഭാഗത്തിൽ ഉണ്ടാകും. അപേക്ഷാ രജിസ്ട്രേഷൻ സമയത്ത് ഇതിലേക്ക് താത്‌പര്യം അറിയിക്കണം. സാധാരണ പ്രവേശനത്തിനും ഇവരെ പരിഗണിക്കും. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.

മറ്റു പ്രവേശനങ്ങൾ

ബി.ഡിസ്. ആർട്ടിസാൻ കാറ്റഗറി അഡ്മിഷൻ, പിഎച്ച്.ഡി. അഡ്മിഷൻ (രണ്ടും, അപേക്ഷ ഫെബ്രുവരി 28 വരെ),

യു.ജി./പി.ജി.- എൻ.ആർ.ഐ./ഫോറിൻ നാഷണൽ/ഒ.സി.ഐ./പി.ഐ.ഒ./എസ്.എ.എ.ആർ.സി. പ്രവേശനങ്ങൾ (അപേക്ഷ ഏപ്രിൽ 30 വരെ), എന്നിവയും വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾക്ക് വെബ്സൈറ്റുകൾ, ഇൻഫർമേഷൻ ബുള്ളറ്റിൻ, അഡ്മിഷൻ ഗൈഡ് ലൈൻസ് എന്നിവ കാണണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!