കുട്ടികൾ സൃഷ്ടിക്കും ‘മാലിന്യമുക്തകേരളം’, പൊതുവിദ്യാലയങ്ങളിൽ മഷിപ്പേന മടങ്ങിവരുന്നു

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളിൽ മഷിപ്പേന മടങ്ങിവരുന്നു. ‘മാലിന്യമുക്ത നവകേരള’ത്തിന്റെ ഭാഗമായി സ്കൂളുകൾ ഹരിതവിദ്യാലയങ്ങളാക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശം. പരിപാടികളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി, സ്റ്റീൽ പാത്രവും ഗ്ലാസും മാത്രം ഉപയോഗിക്കാനും ബാഗും വാട്ടർബോട്ടിലുമൊക്കെ പ്ലാസ്റ്റിക് രഹിതമാക്കാനും മാർഗരേഖയിലുണ്ട്.
മാലിന്യനിർമാർജന പരിപാടികളുടെ ആശയവും നിർദേശങ്ങളും സമാഹരിക്കാൻ ഗ്രാമസഭകളുടെ മാതൃകയിൽ സ്‌കൂളുകളിൽ ക്ലാസ് സഭകളും സംഘടിപ്പിക്കും. ഡിസംബർ 31-നുള്ളിൽ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയങ്ങളായി മാറ്റാനാണ് പരിപാടി. റിപ്പബ്ലിക് ദിനത്തോടെ വിദ്യാലയങ്ങളിലെല്ലാം ഖര-ദ്രവ മാലിന്യസംസ്കരണത്തിന് സ്ഥിരംസംവിധാനമൊരുക്കണം.
പ്രവേശനംമുതൽ സ്‌കൂൾ പഠനം പൂർത്തിയാവുന്നതുവരെ പാഴ്‌വസ്തുപരിപാലനത്തിൽ ‘പഠനത്തിലൂടെ പ്രവൃത്തി, പ്രവൃത്തിയിലൂടെ പഠനം’ എന്ന അനുഭവം ലഭ്യമാക്കാൻകൂടിയാണ് ഹരിതവിദ്യാലയം പരിപാടി. വിവിധ മിഷനുകളും കുടുംബശ്രീ, ക്ലീൻകേരള കമ്പനി തുടങ്ങിയവയുമായി സഹകരിച്ചുള്ള പദ്ധതിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് ഏകോപനച്ചുമതല.
മാലിന്യനിർമാർജനയജ്ഞത്തിന് ഒാരോ സ്കൂളിലും ഓരോ അധ്യാപകർ ചുമതല വഹിക്കണം. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് തുടങ്ങിയവ പങ്കാളികളാവും. കുട്ടികളുടെ ആശയങ്ങളും നിർദേശങ്ങളും അറിയാൻ ‘ക്ലാസ് സഭ’ ചേരും. സ്‌കൂൾ പാർലമെന്റിൽ ‘സമഗ്ര ഹരിത മാസ്റ്റർ’ തയ്യാറാക്കും. സ്‌കൂളിലെ മാലിന്യനിർമാർജന പരിപാടികൾ കുട്ടികൾതന്നെ നിരീക്ഷിക്കും. പിന്തുണയും സൗകര്യങ്ങളും പി.ടി.എ.യും മാനേജ്‌മെന്റ് സമിതികളും ഒരുക്കണം. വിലയിരുത്തലും പരിശീലനവും തദ്ദേശസ്ഥാപനങ്ങൾ നടത്തും.
ഇതാണ് ഹരിതവിദ്യാലയം
പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, തുണി തുടങ്ങിയ അജൈവവസ്തുക്കൾ ശേഖരിക്കാൻ ക്ലാസിൽ കളർ കോഡുള്ള പാത്രം.
ജൈവമാലിന്യം സംസ്‌കരിക്കാൻ ബയോബിൻ, റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്
മലിനജലം ഒഴുക്കിവിടാൻ സോക്ക് പിറ്റ്, ലീപ് പിറ്റ്, ടോയ്‌ലറ്റ് ബന്ധിത ബയോഗ്യാസ്
മഴവെള്ളസംഭരണി
ശുചിത്വമുള്ള കിണറും ചുറ്റുപാടും
വൃത്തിയുള്ള മൂത്രപ്പുര, ശൗചാലയം
സാനിറ്ററിമാലിന്യം സംസ്കരിക്കാൻ ഡബിൾ ചേമ്പർ ഇൻസിനറേറ്റർ
പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, പൂന്തോട്ടം
ഉത്പന്നങ്ങൾ പാഴ്‌വസ്തുക്കൾകൊണ്ടു നിർമിക്കൽ
ഹരിതവീഥികൾ, ഹരിത പന്തലുകൾ, ജൈവവൈവിധ്യ രജിസ്റ്റർ
പേപ്പർമാലിന്യം കുറയ്ക്കാൻ ഇ-ഫയലിങ്.