മണ്ണാര്‍ക്കാട്: വിനോദയാത്രകള്‍ക്ക് പുതിയ അവസരമൊരുക്കുന്ന കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും സര്‍വീസുകള്‍ തുടങ്ങുന്നു. ഡിസംബറിലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നടത്തുക. നെല്ലിയാമ്പതി, ആലപ്പുഴ, മലക്കപ്പാറ, മറയൂര്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയചെലവിലുള്ള യാത്രയ്ക്കാണ് ഇതോടെ അവസരമൊരുങ്ങുന്നത്.
കാടും മലയും പുഴകളും കായലുമെല്ലാം ഈ യാത്രയില്‍ ആസ്വദിക്കാം. ഒന്ന്, രണ്ട് ദിവസങ്ങളിലൊതുങ്ങുന്ന യാത്രകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള ‘ടൂര്‍ ഡയറി’ പുറത്തിറക്കി. ഡിസംബര്‍ ഒന്ന്, എട്ട്, 14, 22, 28 തുടങ്ങിയ ദിവസങ്ങളിലാണ് ഇവിടെനിന്നും യാത്രകളുണ്ടായിരിക്കുക.
ഒന്ന്, എട്ട് തീയതികളില്‍ നെല്ലിയാമ്പതിയിലേക്കാണ് യാത്ര. രാവിലെ ആറിന് ഡിപ്പോയില്‍നിന്ന് പുറപ്പെടും. സീതാര്‍കുണ്ട്, കേശവന്‍പാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി എട്ടിന് മണ്ണാര്‍ക്കാട്ട് തിരിച്ചെത്തും. ഒരാള്‍ക്ക് 590 രൂപയാണ് വരുന്നത്. 14-നാണ് ആലപ്പുഴയാത്ര. വേഗ ഹൗസ് ബോട്ട് സവാരിയുള്‍പ്പെടെ ആസ്വദിക്കാം. 1,040 രൂപയാണ് വരുന്നത്. പുലര്‍ച്ചെ നാലിന് ബസ് പുറപ്പെടും. രാത്രി 10-ന് തിരിച്ചെത്തും.
22-നാണ് മലക്കപ്പാറ യാത്ര. അതിരപ്പള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. 970 രൂപയാണ് ഈടാക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. രാത്രി 10-ന് തിരിച്ചെത്തും.
മറയൂരിലേക്ക് രണ്ടുദിവസത്തെ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. 28-ന് രാത്രി 10-ന് പുറപ്പെട്ട് 29-ന് രാത്രി മടങ്ങിയെത്തും. 1,880 രൂപയാണ് വേണ്ടത്. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഇതിലുള്‍പ്പെടുമെന്ന് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 40 സീറ്റുള്ള ഓര്‍ഡിനറിയും 50 സീറ്റുകളുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ഉപയോഗിക്കുക.
വരുമാനംകുറഞ്ഞ ബസുകള്‍ ടൂറിസത്തിന്
അതേസമയം, ഡിപ്പോയില്‍ ആവശ്യത്തിന് ബസുകളില്ലാത്ത പ്രതിസന്ധികൂടി തരണം ചെയ്യേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജെല്ലിപ്പാറ-മൂലഗംഗലിലേക്കുള്ള ഓര്‍ഡിനറി സര്‍വീസ് ഞായറാഴ്ച റദ്ദാക്കിയാണ് നെല്ലിയാമ്പതിയിലേക്ക് പോകാന്‍ ഉപയോഗിക്കുക. മറ്റ് ഡിപ്പോകളില്‍നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലഭ്യമായില്ലെങ്കില്‍ ഡിപ്പോയിലെ വരുമാനംകുറഞ്ഞ, ഞായറാഴ്ചകളിലെ മറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് റദ്ദാക്കി ദീര്‍ഘദൂര വിനോദയാത്ര നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. ശിരുവാണി, ഊട്ടിയടക്കം കൂടുതല്‍ ടൂര്‍പാക്കേജുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഫോണ്‍: 9446353081, 8075347381, 04924 225150.