Connect with us

Kerala

രാജ്യത്ത് ആദ്യമായി കേരളത്തിൽ വയോജന കമ്മീഷന്‍വരുന്നു

Published

on

Share our post

കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചത്.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നത്. കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദിഷ്ട ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നത്.
ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവർണറോട് ശുപാർശ ചെയ്തിട്ടുള്ളത്.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും.ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആയിരിക്കും.

കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗ്ഗനിര്‍ദ്ദേശം, ഭരണനിര്‍വ്വഹണം എന്നിവ ചെയര്‍പേഴ്സണില്‍ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങള്‍ സഹായിക്കും. ചെയര്‍പേഴ്സണ്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂര്‍ണ്ണ സമയ ഉദ്യോഗസ്ഥനായിരിക്കും. നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.
കമ്മീഷന്, അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തിൽ പ്രത്യേകമായ അറിവുള്ള രണ്ടിൽ കൂടാത്ത എണ്ണം ആളുകളെ പ്രത്യേക ക്ഷണിതാക്കളായി വിളിക്കാം. എന്നാല്‍ അവർക്ക് കമ്മീഷന്റെ യോഗങ്ങളിൽ വോട്ടവകാശം ഇല്ല.

നിർദ്ദിഷ്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും സഹായിക്കുന്നതും അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് ലഭ്യമാക്കുന്നതും വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കും.

നിർദ്ദിഷ്ട ഓര്‍ഡിനന്‍സിൻ കീഴിൽ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശുപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.

ആർ ബിന്ദു സാമൂഹ്യ നീതി വകുപ്പ് മന്ത്രി


Share our post

Kerala

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യത

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Share our post
Continue Reading

Kerala

നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി

Published

on

Share our post

കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.

കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.

സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.

ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.

”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”

കണ്ണീരോടെ അധ്യാപിക…

ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.

ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.

”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”


Share our post
Continue Reading

Kerala

സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ

Published

on

Share our post

കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.

അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.

പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.

മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.


Share our post
Continue Reading

Trending

error: Content is protected !!