ലീഗ് അനുകൂല സമസ്ത സംരക്ഷണസമിതി മഹല്ലുകളിലേക്കും;ലക്ഷ്യം പിളര്‍പ്പുണ്ടായാല്‍ അണികളെ ഒപ്പം നിര്‍ത്തല്‍
കോഴിക്കോട്: സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമസ്ത ആദര്‍ശ സംരക്ഷണ സമിതി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യംചെയ്ത മുക്കം ഉമ്മര്‍ ഫൈസിക്കെതിരേയും സുപ്രഭാതത്തിലെ വിവാദ പരസ്യത്തിന്റെ കാര്യത്തിലും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രതിരോധിക്കാനാണ് സമിതിയുടെ നീക്കം.
അടുത്ത ആഴ്ച മലപ്പുറത്ത് അഡ്ഹോക്ക് കമ്മിറ്റി യോഗംചേര്‍ന്ന് ഭാവി പ്രവര്‍ത്തങ്ങള്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ സ്ഥിരം സമിതിയാക്കി മാറ്റും.ഉമ്മര്‍ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് മഹല്ല് തലങ്ങളില്‍ യോഗം വിളിച്ച് ബോധവത്കരിക്കും. സമസ്തയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സമിതി ആരോപിക്കുന്നത്.
