കേളകത്ത് നാല് വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാർ ഓടിച്ചു; രക്ഷിതാക്കൾക്കെതിരെ കേസ്

കേളകം: നാല് വയസുള്ള കുട്ടിയെയും കൂട്ടി അപകടകരമാംവിധം കാറോടിച്ച 14-കാരന്റെ മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. വാഹനത്തിന്റെ ആർ.സി. ഉടമയും കുട്ടിയുടെ പിതാവുമായ കേളകം പൊയ്യമല സ്വദേശി ഇ.കെ.ബേബി, വാഹനം കൊടുത്തുവിട്ട കുട്ടിയുടെ അമ്മ സി.ജെ.ക്ലാരമ്മ എന്നിവരുടെ പേരിലാണ് കേളകം പോലീസ് കേസെടുത്തത്.കുട്ടിയുടെ പ്രായവും സുരക്ഷിതത്വവും കണക്കിലെടു ക്കാതെ മനുഷ്യജീവന് അപകടം വരത്തക്കവിധം കാർ ഓടിക്കാൻ അനുവാദം നൽകിയതിനാണ് കേസ്.
വ്യാഴാഴ്ച രാത്രി 8.30-ന് കേളകം ടൗണിൽ വാഹനപരിശോധനക്കിടെ എസ്.ഐ. വി.വി. ശ്രീജേഷും സംഘവുമാണ് തിരക്കുള്ള ടൗണിലേക്ക് കാർ ഓടിച്ചെത്തിയ 14-കാരനെ പിടികൂടിയത്.തുടർന്ന് കാർ കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവിനെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപ്പിക്കുകയും ചെയ്തു. ബി.എൻ.എസ്. 125, എം.വി. ആക്ട് 180, 199 (എ) പ്രകാരമാണ് കേസെടുത്തത്.