പറശ്ശിനിക്കടവ് ഫ്ലോട്ടിങ് റസ്റ്ററന്റ് ടെൻഡർ ചെയ്തു

പറശ്ശിനിക്കടവ്: തീർഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രമായ പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്ററൻ്റ് തുറക്കാനുള്ള നടപടികൾക്ക് വേഗം കൂടി. സംരംഭകരെ ക്ഷണിച്ച് കൊണ്ടുള്ള ടെൻഡർ തുടങ്ങി. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള ഫ്ലോട്ടിങ് റസ്റ്ററന്റ് ആണ് പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയോട് ചേർന്ന് വരുന്നത്.ടെൻഡർ നടപടികളുമായി തളിപ്പറമ്പ് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലാണ് മുന്നോട്ടുപോകുന്നത്. ആറുകോടി ചെലവഴിച്ചാണ് പറശ്ശിനി പാലത്തിന് താഴെ ഫ്ലോട്ടിങ് റസ്റ്ററന്റ് സജ്ജമാക്കിയത്. പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഒഴിവ് സമയം ചെലവഴിക്കുന്നതിനും രുചികരമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യുന്ന ഫ്ലോട്ടിങ് റസ്റ്ററന്റ് സഞ്ചാരികൾക്ക് നവ്യാനുഭവം ഒരുക്കുമെന്നാണ് പ്രതീക്ഷ.40 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക വിഭവങ്ങളും വിദേശ രുചികളും അടുത്തറിയാനും അവസരം ഉണ്ടാകും.