കലോത്സവത്തില്‍ പ്രഖ്യാപിക്കുന്നത് ഒന്നാം സ്ഥാനംമാത്രം, ബാക്കി എല്ലാം ഗ്രേഡ്

Share our post

ഇപ്പോള്‍ നടന്നുവരുന്ന ജില്ലാസ്‌കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനമൊഴിച്ച് ആര്‍ക്കും സ്ഥാനം നല്‍കുന്നില്ല. എ ഗ്രേഡ് നേടി ഒന്നാമതെത്തിയ കുട്ടിയുടെ പേരിനുശേഷം താഴേക്ക് മറ്റ് എ ഗ്രേഡ് കുട്ടികളുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ പ്രഖ്യാപിക്കുന്നതാണ് ഇക്കൊല്ലത്തെ രീതി. ആരാണ് രണ്ടാം സ്ഥാനമെന്നറിയാത്തതിനാല്‍ എ ഗ്രേഡ് കിട്ടിയവരില്‍ നല്ലൊരു പങ്കും സംസ്ഥാന മത്സരത്തിന് അപ്പീല്‍ നല്‍കേണ്ട സ്ഥിതിയും ഉണ്ടായി.

ഒരു അപ്പീലിന് 5000 രൂപ വീതം സര്‍ക്കാരിന് വരുമാന വര്‍ധനയും ജില്ലാ കലോത്സവങ്ങളിലൂടെ ഉണ്ടാവുന്നുണ്ട്. പരീക്ഷകളില്‍ ഗ്രേഡ് സമ്പ്രദായത്തില്‍നിന്ന് മാര്‍ക്കിലേക്ക് ചുവടുമാറ്റാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ്, കലോത്സവത്തില്‍ മാര്‍ക്കില്‍നിന്ന് സമ്പൂര്‍ണ ഗ്രേഡിലേക്ക് മാറിയത്. കഴിഞ്ഞവര്‍ഷംവരെ ഒന്നുമുതല്‍ താഴേക്കുള്ള സ്ഥാനങ്ങളുടെ ക്രമത്തിലാണ് കുട്ടികളുടെ പേരുകള്‍ വെബ്സൈറ്റില്‍ വന്നിരുന്നത്.

അതിനാല്‍ രണ്ടാമതെത്തുന്ന കുട്ടിയാണ് സംസ്ഥാനമത്സരത്തില്‍ പങ്കെടുക്കാന്‍ അപ്പീല്‍ അപേക്ഷ നല്‍കിയിരുന്നത്. ആര്‍ക്കും അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും രണ്ടാംസ്ഥാനക്കാര്‍ മാത്രമാണ് അപ്പീല്‍ നല്‍കുക. എന്നാല്‍ ഇക്കുറി ആരാണ് രണ്ടാംസ്ഥാനത്ത് എന്നറിയാന്‍ ഔദ്യോഗിക സംവിധാനമില്ലാതായതിനാല്‍ സംസ്ഥാന മോഹമുള്ള എ ഗ്രേഡ് കാരെല്ലാം അപ്പീല്‍ നല്‍കേണ്ടിവരും. അത്തരം അപ്പീലുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് വിവിധ ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട്.

ഓരോ ജില്ലയിലേയും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരാണ് അപ്പീലുകള്‍ പരിശോധിക്കുക. വേദികളില്‍ വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തുന്ന സ്‌കോര്‍ഷീറ്റാണ് പരിശോധനയിലെ പ്രധാനഘടകം. സ്‌കോര്‍ഷീറ്റില്‍ ഓരോ കുട്ടിയും ഏത് സ്ഥാനത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ രണ്ടാം സ്ഥാനത്തുള്ള കുട്ടി നല്‍കുന്ന അപ്പീല്‍ അപേക്ഷ മാത്രമായിരിക്കും പരിഗണനയ്ക്കുവരിക. സ്ഥാനമേതെന്ന് അറിയാതെ 5000 രൂപ അടച്ചവരുടെ അപേക്ഷ സ്വാഭാവികമായും തള്ളും.

ലഭിക്കുന്ന അപ്പീലുകളുടെ 10 ശതമാനം മാത്രമേ അനുവദിക്കാവൂ എന്ന് വിദ്യാഭ്യാസവകുപ്പിന്റെ അനൗദ്യോഗിക നിര്‍ദേശം നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ കൂടുതല്‍ കുട്ടികളുടെ അപ്പീല്‍ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. ഇക്കൊല്ലം ഉപജില്ലാ മേളകള്‍ മുതല്‍ ഫലപ്രഖ്യാപനം പുതിയ രീതിയിലേക്ക് മാറ്റിയെങ്കിലും വെബ്സൈറ്റില്‍ ഒന്നാം സ്ഥാനമൊഴിച്ചുള്ളവയെല്ലാം അക്ഷരമാലാ ക്രമത്തിലാണെന്ന് കാണിച്ചിരുന്നില്ല.

ജില്ലാമേളകളുടെ സൈറ്റില്‍ വന്നപ്പോഴാണ് രക്ഷിതാക്കളും കുട്ടികളും ഭൂരിഭാഗം അധ്യാപകരും പരിഷ്‌കാരം അറിയുന്നത്. വിധികര്‍ത്താക്കള്‍ മത്സരശേഷം രണ്ട്, മൂന്ന് സ്ഥാനക്കാരെ പ്രഖ്യാപിക്കുന്നതിനും ജില്ലാമേളകളില്‍ വിലക്കുവന്നിട്ടുണ്ട്. ഉപജില്ലാമേളകളില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!