മാപ്പത്തോൺ ;പേരാവൂർ ബ്ലോക്കിലെ തോടുകളുടെ ഡിജിറ്റൽ മാപ്പുകൾ കൈമാറി

പേരാവൂർ : ഹരിതകേരളം മിഷൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ “മാപ്പത്തോൺ മാപ്പിങ്” സർവേയിൽ ലഭിച്ച മാപ്പുകൾ പഞ്ചായത്തുകൾക്ക് കൈമാറി.പേരാവൂർ ബ്ലോക്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി മാപ്പുകളുടെ കൈമാറ്റം ഉദ്ഘാടനം ചെയ്തു. കണിച്ചാർ, കൊട്ടിയൂർ, കേളകം, പേരാവൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. നവകേരളം കർമപദ്ധതി സംസ്ഥാന അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ. സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ബിജു ജോസഫ്, സി.എസ്. സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന ഗ്രാമ പഞ്ചായത്തുകളിലെ തോടുകൾ, പുഴകൾ എന്നിവയാണ് കഴിഞ്ഞ വർഷം ഡിജിറ്റൽ സർവേ ചെയ്തത്. തോടരികിലൂടെ സഞ്ചരിച്ചു മൊബൈൽ ആപ്പിൽ രേഖപെടുത്തിയ മാപ്പുകൾ ഐ. ടി.മിഷന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ചാണ് ഓരോ പഞ്ചായത്തിന്റെയും ജല സ്രോതസുകളുടെ ഡിജിറ്റൽ രൂപം തയ്യാറാക്കിയത്. 83 നീർത്തടങ്ങളിലായി 1331 തോടുകളാണ് പേരാവൂർ ബ്ലോക്കിലുള്ളത്.