‘എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം,വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’- സുപ്രീംകോടതി

Share our post

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മടിയെന്താണെന്നും സുപ്രീംകോടതി ആരാഞ്ഞു.

എയ്ഡഡ് കോളേജുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ചെമ്പഴന്തി എസ്.എന്‍ കോളേജ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാനമായ വിധി. സര്‍ക്കാര്‍ വെറും ശമ്പളം മാത്രമാണ് നല്‍കുന്നതെന്നും, എയ്ഡഡ് കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും വസ്തുക്കളും ഉള്‍പ്പടെ മാനേജ്മെന്റിന്റേതാണെന്നും ആയിരുന്നു എസ്.എന്‍ കോളേജിന്റെ വാദം. എന്നാല്‍ ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ചെമ്പഴന്തി എസ്.എന്‍ കോളേജ് ഉള്‍പ്പടെയുള്ള എയ്ഡഡ് കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന് വലിയ പങ്കാണുള്ളതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് കോടതിയെ അറിയിച്ചു. അതിനാല്‍ ഈ കോളേജുകള്‍ പൊതുസ്ഥാപനങ്ങള്‍ ആണെന്നും അദ്ദേഹം വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സുപ്രീം കോടതി ഉത്തരവോടെ സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ ഇനി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടി വരും. അതുപോലെ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടിയും വരും. എസ്.എന്‍ കോളേജിന് വേണ്ടി അഭിഭാഷകന്‍ സന്തോഷ് കൃഷ്ണനാണ് സുപ്രീം കോടതിയില്‍ ഹാജരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!